ബ്യൂണസ് അയേഴ്സ്: ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ പോരാട്ടമായ കോപ്പ ലിബര്‍ട്ടഡോറസ് ചരിത്രമെഴുതി ബ്രസീല്‍ ക്ലബ് ബോട്ടഫോഗോ.ചരിത്രത്തിലാദ്യമായി അവര്‍ കിരീടം സ്വന്തമാക്കി. ഫൈനലില്‍ ബ്രസീല്‍ ഫുട്ബോളിലെ കരുത്തരായ അത്ലറ്റിക്കോ മിനെയ്റോയെ വീഴ്ത്തിയാണ് ബോട്ടഫോഗോ കന്നി നേട്ടത്തിലെത്തിയത്. ഫൈനലില്‍ 3-1നാണ് ടീമിന്റെ ജയം. കിരീട നേട്ടത്തോടെ ബോട്ടഫോഗോ ക്ലബ് ലോകകപ്പിനു യോഗ്യതയും നേടി.
കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ഗ്രിഗോറിനെ നഷ്ടമായ ബോട്ടഫോഗോയ്ക്ക് കളിയുടെ ഭൂരിഭാഗം സമയത്തും പത്ത് പേരായി കളിക്കേണ്ടി വന്നു. രണ്ടാം മിനിറ്റില്‍ താരം ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായതാണ് അവരെ കുഴക്കിയത്. എന്നാല്‍ പത്ത് പേരായിട്ടും അവരുടെ പോരാട്ട വീര്യം കുറഞ്ഞില്ല. 35ാം മിനിറ്റില്‍ ലൂയിസ് ഹെന്റിക്വെയാണ് ബോട്ടഫോഗോയ്ക്ക് ലീഡ് സമ്മാനിച്ചത്. 44ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി അല്ക്സ് ടെല്ലെസ് ടീമിന് രണ്ടാം ഗോള്‍ സമ്മാനിച്ചു.രണ്ടാം പകുതി തുടങ്ങി 47ാം മിനിറ്റില്‍ അത്ലറ്റിക്കോ മിനെയ്റോ എഡ്വാര്‍ഡോ വര്‍ഗാസിലൂടെ ലീഡ് കുറച്ചു. എന്നാല്‍ ഇഞ്ച്വറി സമയത്ത് ജൂനിയര്‍ സാന്റോസിലൂടെ ബോട്ടഫോഗോ ജയവും കന്നി കിരീടവും ഉറപ്പിച്ചു.