മയാമി: കൊളംബിയയുമായുള്ള കലാശപോരിൽ വിജയിച്ച് കോപ്പ കിരീടം നിലനിർത്തിയതോടെ കോപ്പ അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും തവണ കിരീടം നേടിയ ടീമായി അർജന്റീന. ഇത് പതിനാറാം തവണയാണ് ലാറ്റിനമേരിക്കയുടെ ചാമ്പ്യന്മാരെ കണ്ടെത്താനുള്ള പോരാട്ടത്തിൽ അർജന്റീന കിരീടം നേടുന്നത്. 15 തവണ കിരീടം നേടിയ യുറുഗ്വായുമായി കിരീട നേട്ടത്തിൽ തുല്യതയിലായിരുന്നു ഇത് വരെ അർജന്റീനയുടെ കോപ്പ കിരീട നേട്ടം.
കൊളംബിയക്കെതിരായ കലാശപ്പോരിൽ നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾരഹിതമായി പിരിഞ്ഞതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. മെസ്സിയില്ലാതെ നീണ്ടുപോയ കളിയിലവസാനം ലൗറ്ററോ മാർട്ടിനസ് രക്ഷകനായി. ലോ സെൽസോ നൽകിയ മനോഹര പാസാണ് മാർട്ടിനസ് ഗോളാക്കി മാറ്റിയത്. നിശ്ചിത സമയം അവസാനിക്കാൻ 25 മിനിറ്റോളം ശേഷിക്കെ നായകൻ ലയണൽ മെസ്സി പരിക്കേറ്റ് കണ്ണീരോടെ കളം വിട്ട മത്സരത്തിൽ കൊളംബിയയാണ് പന്തടക്കത്തിലും മുന്നേറ്റത്തിലും ഒരുപടി മുന്നിൽനിന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫൈനൽ അരങ്ങേറിയ മയാമി ഹാർഡ് റോക്ക് സ്റ്റേഡിയത്തിലേക്ക് കൊളംബിയൻ കാണികൾ ടിക്കറ്റെടുക്കാതെ തള്ളിക്കയറാൻ ശ്രമിച്ചതോടെ ഒന്നേകാൽ മണിക്കൂർ വൈകിയാണ് മത്സരം ആരംഭിച്ചത്. അർജന്റീനയുടെ ആക്രമണം കൊണ്ടാണ് മത്സരം തുടങ്ങിയെങ്കിലും പിന്നീട് മുന്നേറ്റത്തിൽ മുന്നിട്ട് നിന്നത് കൊളംബിയയായിരുന്നു. കൊളംബിയൻ നായകൻ ജെയിംസ് റോഡ്രിഗസിന്റെ പല നീക്കങ്ങളും അർജന്റീനക്ക് ഭീഷണിയുയർത്തി.
65-ാം മിനിറ്റില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് മെസ്സിയെ കളത്തില്‍ നിന്ന് പിന്‍വലിച്ചു. നിക്കോളാസ് ഗോണ്‍സാലസാണ് പകരക്കാരനായി ഇറങ്ങിയത്. പിന്നാലെ ഡഗൗട്ടില്‍ നിന്ന് മെസ്സി പൊട്ടിക്കരയുന്നതിനും ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചു. മെസ്സി ഇല്ലെങ്കിലും മൈതാനത്ത് അര്‍ജന്റീന കടുത്ത പോരാട്ടം തന്നെ കാഴ്ചവെച്ചു. 75-ാം മിനിറ്റില്‍ നിക്കോളാസ് ഗോണ്‍സാലസ് അര്‍ജന്റീനയ്ക്കായി വലകുലുക്കിയെങ്കിലും ഓഫ്‌സൈഡായതിനാല്‍ ഗോള്‍ നിഷേധിച്ചു. 87-ാം മിനിറ്റില്‍ നിക്കോളാസ് ഗോണ്‍സാലസിന്റെ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തുപോയി. പിന്നാലെ കളിയവസാനിച്ചതായി പ്രഖ്യാപിച്ച് റഫറിയുടെ വിസിലെത്തി. മത്സരം എക്‌സ്ട്രാടൈമിലേക്ക് നീണ്ടു. എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയും ഗോള്‍രഹിതമായിരുന്നു. എന്നാല്‍ 112-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ രക്ഷകനായി ലൗട്ടാരോ മാര്‍ട്ടിനസെത്തി. മൈതാനമധ്യത്ത് നിന്ന ഡീപോള്‍ നല്‍കിയ പന്ത് ലോ സെല്‍സോ സമയം പാഴാക്കാതെ ബോക്‌സിലേക്ക് നീട്ടി. ഓടിയെത്തിയ ലൗട്ടാരോ ഗോളിയെ മറികടന്ന് വലകുലുക്കി. പിന്നാലെ അര്‍ജന്റീന കോപ്പ കിരീടത്തില്‍ മുത്തമിട്ടു