മൊഹാലി: ഐപിഎല്ലിലെ എലിമിനേറ്റര്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റൻസിനെ തകര്‍ത്ത് മുംബൈ ഇന്ത്യൻസ്. ഗുജറാത്തിനെ 20 റണ്‍സിന് തകര്‍ത്ത മുംബൈ ക്വാളിഫയര്‍-2ന് യോഗ്യത നേടി.229 റണ്‍സ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് 6 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. 49 പന്തില്‍ 80 റണ്‍സ് നേടിയ സായ് സുദര്‍ശനാണ് ഗുജറാത്തിന്റെ ടോപ് സ്കോറര്‍.
229 റണ്‍സ് വിജയലക്ഷ്യം മുന്നില്‍ കണ്ടിറങ്ങിയ ഗുജറാത്തിന് നാലാം പന്തില്‍ തന്നെ നായകൻ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റ് നഷ്ടമായി. ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയാണ് ഗില്‍ (1) പുറത്തായത്. തുടര്‍ന്ന് ക്രീസിലൊന്നിച്ച സായ് സുദര്ശൻ-കുശാല്‍ മെൻഡിസ് സഖ്യം ആഞ്ഞടിച്ചു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സ് എന്ന നിലയിലാണ് ഗുജറാത്ത് പവര്‍ പ്ലേ അവസാനിപ്പിച്ചത്. പവര്‍ പ്ലേ പൂര്‍ത്തിയായതിന് പിന്നാലെ 7-ാം ഓവറില്‍ കുശാല്‍ മെൻഡിസിന്റെ വിക്കറ്റും ഗുജറാത്തിന് നഷ്ടമായി. മിച്ചല്‍ സാന്റ്നര്‍ക്ക് എതിരെ സ്വീപ് ഷോട്ടിന് ശ്രമിച്ച മെൻഡിസിന് പിഴച്ചു. ബാലൻസ് നഷ്ടമായ മെൻഡിസ് (20) ഹിറ്റ് വിക്കറ്റായാണ് മടങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗില്ലിന്റെ വിക്കറ്റും കുശാല്‍ മെൻഡിസിന്റെ വിക്കറ്റും നഷ്ടമായിട്ടും സായ് സുദര്ശൻ പോരാട്ടം തുടര്‍ന്നു. 7-ാം ഓവറിന്റെ അവസാന രണ്ട് പന്തും ബൗണ്ടറിയിലേയ്ക്ക് പായിച്ച് സായ് സുദര്ശൻ 28 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ചു. 9.3 ഓവറില്‍ ഗുജറാത്ത് 100 റണ്‍സിലെത്തി. ഇന്നിംഗ്സിന്റെ ആദ്യ പകുതി പൂര്‍ത്തിയായപ്പോള്‍ ഗുജറാത്ത് 2ന് 106 റണ്‍സ് എന്ന നിലയിലായിരുന്നു. സായ് സുദര്‍ശനും വാഷിംഗ്ടണ്‍ സുന്ദറും മികച്ച രീതിയിലാണ് ഗുജറാത്തിന്റെ ഇന്നിംഗ്സ് മുന്നോട്ടുകൊണ്ടുപോയത്. 12 ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ ഗുജറാത്ത് 130 റണ്‍സിലെത്തി. 13-ാം ഓവറില്‍ ബോള്‍ട്ടിനെതിരെ അവസാന മൂന്ന് പന്തുകളില്‍ തുടര്‍ച്ചയായി രണ്ട് സിക്സറുകളും ഒരു ബൗണ്ടറിയും പറത്തിയ വാഷിംഗ്ടണ്‍ സുന്ദര്‍ സമ്മര്‍ദ്ദമകറ്റി.
14-ാം ഓവറില്‍ ബുമ്രയെ തിരികെ വിളിച്ച ഹാര്‍ദിക്കിന്റെ നീക്കം ഫലം കണ്ടു. മികച്ച രീതിയില്‍ ബാറ്റ് വീശിയ വാഷിംഗ്ടണ്‍ സുന്ദറിനെ മൂന്നാം പന്തില്‍ ബുമ്ര ക്ലീൻ ബൗള്‍ഡാക്കി. 24 പന്തില്‍ 5 ബൗണ്ടറികളും 3 സിക്സറുകളും സഹിതം 48 റണ്‍സ് നേടിയ ശേഷമാണ് വാഷിംഗ്ടണ്‍ സുന്ദര്‍ മടങ്ങിയത്. വെറും 4 റണ്‍സ് മാത്രം വഴങ്ങി നിര്‍ണായക വിക്കറ്റ് വീഴ്ത്തിയ ബുമ്രയുടെ ഓവര്‍ മുംബൈയെ മത്സരത്തിലേയ്ക്ക് തിരികെയെത്തിച്ചു. അവസാന 6 ഓവറില്‍ ഗുജറാത്തിന് ജയിക്കാൻ 77 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ ഷെര്‍ഫേല്‍ റൂഥര്‍ഫോര്‍ഡും വേഗത്തില്‍ സ്കോര്‍ ചെയ്തതോടെ ഗുജറാത്ത് വിജയം സ്വപ്നം കാണാൻ തുടങ്ങിയിരുന്നു. എന്നാല്‍, ആ സ്വപ്നങ്ങള്‍ക്ക് ഏതാനും പന്തുകളുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
16-ാം ഓവറില്‍ സായ് സുദര്‍ശനെ ക്ലീൻ ബൗള്‍ഡാക്കി ഗ്ലീസണ് മുംബൈയെ വീണ്ടും മുന്നിലെത്തിച്ചു. 49 പന്തുകള്‍ നേരിട്ട സായ് സുദര്ശൻ 10 ബൗണ്ടറികളും ഒരു സിക്സറും സഹിതം 80 റണ്‍സ് നേടിയാണ് മടങ്ങിയത്. അവസാന 3 ഓവറിലേയ്ക്ക് മത്സരം ചുരുങ്ങിയപ്പോള്‍ ഗുജറാത്തിന് ജയിക്കാൻ 45 റണ്‍സ് കൂടിയാണ് വേണ്ടിയിരുന്നത്. നിര്‍ണായകമായ 18-ാം ഓവറില്‍ 9 റണ്‍സ് മാത്രമാണ് ബുമ്ര വിട്ടുകൊടുത്തത്. 19-ാം ഓവറിന്റെ ആദ്യ പന്തില്‍ തന്നെ റൂഥര്‍ഫോര്‍ഡിനെ പുറത്താക്കി ബോള്‍ട്ട് ഗുജറാത്തിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി. അവസാന ഓവറില്‍ 24 റണ്‍സ് ലക്ഷ്യമിട്ട് ബാറ്റ് വീശിയ ഗുജറാത്തിന് പക്ഷേ വെറും 3 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. ജൂണ്‍ 1ന് നടക്കുന്ന ക്വാളിഫയര്‍-2ല്‍ മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിംഗ്സിനെ നേരിടും.