ചെന്നൈ : തെന്നിന്ത്യയില്‍ ഏറെ താരമൂല്യമുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. അദ്ദേഹത്തിന്റെ ലിയോ എന്ന ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ലോകേഷിന്റെ അടുത്ത ചിത്രം രജനികാന്തിനൊപ്പമാണ്. താല്‍കാലികമായി തലൈവര്‍ 171 എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ലിയോയ്ക്ക് ബോക്‌സോഫീസ് വിജയവും ലഭിച്ചെങ്കിലും വലിയ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു. ബോക്‌സ് ഓഫീസില്‍ വന്‍ തുക നേടിയെങ്കിലും ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ ഏറ്റവും ദുര്‍ബലമായ ചിത്രമെന്നാണ് പൊതുവില്‍ വിലയിരുത്തല്‍ വന്നത്. അതേ സമയം ലോകേഷ് പുതിയ അഭിമുഖത്തില്‍ ലിയോയില്‍ താന്‍ ഒരു തെറ്റ് ചെയ്‌തെന്നും അത് അടുത്ത ചിത്രത്തില്‍ ആവര്‍ത്തിക്കില്ലെന്നും പറഞ്ഞു. ലോകേഷ് അവതരിപ്പിക്കുന്ന ഫൈറ്റ് ക്ലബ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് പഴയ തെറ്റ് ആവര്‍ത്തിക്കില്ലെന്ന് ലോകേഷ് പറയുന്നത്.
‘രജനികാന്തിനൊപ്പം എന്റെ അടുത്ത ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, കാരണം അത് പരിമിതമായ സമയത്തിനുള്ളില്‍ സിനിമ പൂര്‍ത്തിയാക്കാന്‍ ഇത് സമ്മര്‍ദ്ദം ചെലുത്തും. ഇത് നന്നായി ചെയ്യാന്‍ എനിക്ക് കുറച്ച് സമയം വേണം എന്നും ‘ ലോകേഷ് പറഞ്ഞു. ‘ലിയോയുടെ രണ്ടാം പകുതിക്ക് ഏറെ വിമര്‍ശനം ലഭിച്ചു, ഞാന്‍ അത് കണക്കിലെടുക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭാവിയില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കും. ഒരു നിശ്ചിത തീയതി ലിയോയ്ക്ക് റിലീസ് ഡേറ്റായി വന്നത് വലിയ സമ്മര്‍ദ്ദം ഉണ്ടാക്കി. സിനിമ ചെയ്യാന്‍ 10 മാസമേ ഉണ്ടായിരുന്നുള്ളൂ. ആ തെറ്റ് ഞാന്‍ ഇനി ആവര്‍ത്തിക്കില്ല ‘എന്നും ലോകേഷ് വ്യക്തമാക്കി. ഒക്ടോബര്‍ 19ന് ഇറങ്ങിയ ലിയോയാണ് അവസാനമായി ലോകേഷ് കനകരാജിന്റെ ചിത്രമായി ഇറങ്ങിയത്. ബോക്‌സോഫീസില്‍ 600 കോടിയില്‍ ഏറെ ചിത്രം നേടിയിട്ടുണ്ട്. ഇത് അടുത്തിടെ നെറ്റ്ഫ്‌ലിക്‌സിലും റിലീസായിരുന്നു. ഒടിടിയില്‍ നെറ്റ്ഫ്‌ലിക്‌സില്‍ ദിവസങ്ങളോളം ട്രെന്റിംഗ് ലിസ്റ്റിലായിരുന്നു ലിയോ. അതേ സമയം ലോകേഷ് കനകരാജ് തന്റെ പ്രൊഡക്ഷന്‍ ഹൗസായ ജി സ്‌ക്വാഡിന്റെ ബാനറില്‍ ആദ്യമായി അവതരിപ്പിക്കുന്ന ‘ഫൈറ്റ് ക്ലബ്’ ഡിസംബര്‍ 15 മുതല്‍ തിയറ്ററുകളിലെത്തി. അബ്ബാസ് എ റഹ്മത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഈ ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസാണ്. ‘ഉറിയടി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിജയ് കുമാര്‍ നായകനായെത്തുന്ന ചിത്രത്തില്‍ കാര്‍ത്തികേയന്‍ സന്താനം, ശങ്കര്‍ ദാസ്, മോനിഷ തുടങ്ങിയവരാണ് മറ്റ് സുപ്രധാന വേഷങ്ങളിലെത്തുന്നത്.