കൊച്ചി : ഉണ്ണി മുകുന്ദൻ നായകനായ ‘മാർക്കോ’ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. സമൂഹമാധ്യമങ്ങളിലും വലിയ ആഭിപ്രായമാണ് ചിത്രത്തിന്. ഇതിനിടെ ഉണ്ണി മുകുന്ദനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ഉണ്ണി കേട്ട കുറ്റപ്പെടുത്തലുകള്‍ക്കും അപമാനത്തിനും പലിശ സഹിതം ജനങ്ങള്‍ ഉത്തരം കൊടുക്കുന്ന ദിവസം വരുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് അഭിലാഷ് പിള്ള പറഞ്ഞു.
”പരിശ്രമവും കാത്തിരിപ്പും ഒരു മനുഷ്യനെ വിജയത്തില്‍ എത്തിക്കും എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഉണ്ണിയുടെ സിനിമാ ജീവിതം. ഉണ്ണി കേട്ട കുറ്റപ്പെടുത്തലുകള്‍ അപമാനം എല്ലാത്തിനും പലിശ സഹിതം ജനങ്ങള്‍ ഉത്തരം കൊടുക്കുന്ന ദിവസം വരുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു അതിന്റെ അടുത്ത തെളിവാണ് മാർക്കോ. കാത്തിരിക്കുന്നു അളിയാ നമ്മുടെ അടുത്ത സിനിമയ്ക്കായി”- അഭിലാഷ് പിള്ള ഫെയ്സ്ബുക്കില്‍ കുറിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിർമിച്ച ‘മാർക്കോ’ ഹനീഫ് അദേനിയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിങ്ങാണ് ചിത്രത്തിന് ബോക്സോഫീസില്‍ ലഭിച്ചത്. തുടർന്നുള്ള ദിവസങ്ങളിലും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസണ്‍ പോള്‍, കബീർ ദുഹാൻസിങ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും ചിത്രത്തിലുണ്ട്.