അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ആവേശ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ 35 റൺസിന്റെ വിജയമാണ് ഗുജറാത്ത് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 231 റൺസെടുത്തു. ശുഭ്മൻ ഗില്ലിന്റെയും സായി സുദർശനന്റെയും സെഞ്ച്വറികളാണ് ടൈറ്റൻസിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. മറുപടി പറഞ്ഞ ചെന്നൈയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 196 റൺസിലെത്താനെ സാധിച്ചുള്ളു.ടൂർണമെന്റിൽ ചെറിയ പ്രതീക്ഷകൾ അവശേഷിക്കുന്ന ഗില്ലും സംഘവും ഇനിയൊന്നും നോക്കേണ്ട എന്ന ലക്ഷ്യത്തിലാണ് ക്രീസിലെത്തിയത്. പതിവിന് വ്യത്യസ്തമായി ഇരുതാരങ്ങളും അടിച്ചുതകർത്തു. ആദ്യ വിക്കറ്റിൽ ഗുജറാത്ത് അടിച്ചെടുത്തത് 210 റൺസാണ്. എന്നാൽ ആദ്യ വിക്കറ്റിലെ റെക്കോർഡ് കൂട്ടുകെട്ടിനരികിൽ സുദർശൻ വീണു.
കഴിഞ്ഞ വർഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ക്വിന്റൺ ഡി കോക്കും കെ എൽ രാഹുലും ചേർന്ന് നേടിയ 210 റൺസാണ് ആദ്യ വിക്കറ്റിലെ റെക്കോർഡ് കൂട്ടുകെട്ട്. 51 പന്തിൽ അഞ്ച് ഫോറും ഏഴ് സിക്സും സഹിതം 103 റൺസെടുത്ത സായി സുദർശൻ പുറത്തായതോടെയാണ് ഗുജറാത്തിന് റെക്കോർഡ് നഷ്ടമായത്. 55 പന്തിൽ ഒമ്പത് ഫോറും ആറ് സിക്സും സഹിതം ഗിൽ 104 റൺസെടുത്ത് പുറത്തായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി പറഞ്ഞ ചെന്നൈയ്ക്ക് തുടക്കം മുതലെ വിക്കറ്റുകൾ നഷ്ടമായി. 10 റൺസിനിടെ മൂന്ന് വിക്കറ്റുകളാണ് ചെന്നൈയ്ക്ക് നഷ്ടമായത്. പിന്നാലെ ഡാരൽ മിച്ചലും മൊയീൻ അലിയും പൊരുതിനോക്കിയെങ്കിലും വിജയത്തിലേക്ക് എത്തിയില്ല. മിച്ചൽ 63ഉം മൊയീൻ അലി 56ഉം റൺസെടുത്തു പുറത്തായി. ധോണി 11 പന്തിൽ 26 റൺസുമായി പുറത്താകാതെ നിന്നു. നാല് ഓവറിൽ 31 റൺസ് വിട്ടുകൊടുത്ത് മോഹിത് ശർമ്മ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.