കൊച്ചി : സൂപ്പർ ലീഗ് കേരളയിലേക്ക് തൃശ്ശൂരിനായി മാജിക് എഫ് സി പ്രഖ്യാപിച്ച് ലിസ്റ്റിൻ സ്റ്റീഫൻ. “കാൽപന്തുകളിയുടെ മായിക ലോകത്തിലേക്ക് സ്വാഗതം” എന്ന ടാഗ് ലൈനോടെയാണ് ഫ്രാഞ്ചൈസി പ്രഖ്യാപിച്ചത്. കൊച്ചിയിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ മുൻ ഫുട്ബോൾ താരം ഐ എം വിജയൻ ഫ്രാഞ്ചൈസിയുടെ ലോഗോ പ്രകാശനവും പ്രശസ്ത സിനിമാ താരം നരേൻ സോഷ്യൽ മീഡിയ ലോഞ്ചും നിർവഹിച്ചു. മാജിക് ഫ്രെയിംസ് ഉടമ ലിസ്റ്റിൻ സ്റ്റീഫൻ, മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സി കെ വിനീത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇതോടെ സിനിമ മേഖലയിൽ നിന്ന് സൂപ്പർ ലീഗ് കേരളയിലേക്ക് പങ്കെടുക്കുന്നവരുടെ പ്രാധിനിധ്യം കൂടി.
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച് രൂപീകരിച്ച ആറ് ക്ലബുകളാണ് സൂപ്പർ ലീഗ് ആദ്യ സീസണിൽ കരുത്ത് പരീക്ഷിക്കുക. ഐഎഎസ്എല്‍ മാതൃകയിലാകും ലീഗ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“കേരളത്തിലെ ജനങ്ങൾക്ക് ഫുട്ബോളിനോട് അതിയായ സ്നേഹമുണ്ടെന്നും തൃശൂരിനെ പ്രതിനിധീകരിച്ച് സൂപ്പർ ലീഗ് കേരള യിലേക്ക് തൃശ്ശൂർ മാജിക് എഫ് സി പ്രഖ്യാപിക്കുവാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും” മാജിക് ഫ്രയിംസ് ഉടമ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.
ലോക നിലവാരത്തിലേക്ക് ഉയരാൻ കഴിയുന്ന മികച്ച ഫുട്ബോൾ താരങ്ങൾ കേരളത്തിൽ ഉണ്ട്. അവസരവും പ്രോത്സാഹനവും മികച്ച സൗകര്യങ്ങളും നൽകി അവരെ ദേശീയ, അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് സൂപ്പർ ലീഗ് കേരള ലക്ഷ്യമിടുന്നത്. വിദേശത്ത് നിന്നുള്ള മികച്ച കളിക്കാർ, പരിശീലകർ, സാങ്കേതിക വിദഗ്ധർ എന്നിവരുടെ സഹായം ലീഗിലെ ടീമുകൾക്ക് ഉണ്ടാകും. കേരളത്തിൽ നിന്ന് വളരെ ചുരുക്കം കളിക്കാർക്ക് മാത്രമാണ് നിലവിൽ ഇത്തരത്തിൽ വിദേശ താരങ്ങൾക്കൊപ്പം കളിക്കാൻ സാധിക്കുന്നത്. എന്നാൽ, സൂപ്പർ ലീഗ് കേരള വരുന്നതോടെ നമ്മുടെ സംസ്ഥാനത്തെ മികച്ച താരങ്ങൾക്ക് വിദേശ പ്രതിഭകളോടൊപ്പം കളിച്ചു തങ്ങളുടെ കഴിവ് മികച്ചതാക്കാൻ കഴിയും. ഏഷ്യൻ താരങ്ങൾക്കൊപ്പം മധ്യേഷ്യ, ആഫ്രിക്ക, യൂറോപ്പ്, ലാറ്റിൻ അമേരിക്ക തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ള കളിക്കാരുടെയും പരിശീലകരുടെയും സേവനം ഉണ്ടാകും.