അബുദാബി: ഷാർജ റോളയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം തേവലക്കര സ്വദേശി അതുല്യയുടേത് ആത്മഹത്യയെന്ന് ഫോറൻസിക് ഫലം.മരണത്തില്‍ മറ്റ് അസ്വാഭാവികതകള്‍ ഇല്ലെന്നും ശരീരത്തിലെ മുറിപ്പാടുകള്‍ക്ക് പഴക്കമുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു. മൃതദേഹം നാളെ രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകാനാകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് ബന്ധുക്കള്‍ അറിയിച്ചു.
മരണം നടന്ന പത്തുദിവസം പൂർത്തിയാകുമ്ബോഴാണ് അതുല്യയുടെ ഫോറൻസിക് പരിശോധനാ ഫലം പുറത്തുവരുന്നത്. മരണം കൊലപാതകമാണോയെന്ന് സംശയമുണ്ടെന്നും ഈ ക്രൂരതയില്‍ ഭർത്താവ് സതീഷിന് പങ്കുണ്ടെന്നും കാണിച്ച് അതുല്യയുടെ സഹോദരി അഖില ഷാർജ പോലീസിന് പരാതി നല്‍കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരാതിയില്‍ പറഞ്ഞിരുന്ന കാര്യങ്ങളും ലഭിച്ച ദൃശ്യങ്ങളും ഫോണ്‍ ചാറ്റുകളുമെല്ലാം പോലീസ് വിശദമായി പരിശോധിച്ചു. ഇക്കാരണങ്ങള്‍ കൊണ്ടാണ് ഫോറൻസിക് ഫലം ഇത്രയും ദിവസം നീണ്ടത് എന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ആത്മഹത്യയാണെന്ന റിപ്പോർട്ട് ലഭിച്ചതോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചു.
തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഫോറൻസിക് ഫലം പുറത്തുവന്നത്. അതുകൊണ്ടുതന്നെ പാസ്പോർട്ട് റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ചൊവ്വാഴ്ച ഉച്ചയോടെ ഇത്തരത്തിലുള്ള എല്ലാ നടപടികളും പൂർത്തിയാക്കും. വൈകുന്നേരത്തോടെ എംബാമിംഗ് നടപടികളും പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ നാളെ രാത്രിയില്‍തന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
അതുല്യയുടെ സഹോദരി അഖിലയാകും മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരിക. അതുല്യയുടെ പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി എന്നിവയെല്ലാം ഭർത്താവ് സതീഷ് പോലീസില്‍ ഏല്പിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിച്ച ശേഷം റീപോസ്റ്റുമോർട്ടം നടത്തുമെന്ന് ബന്ധുക്കള്‍ നേരത്തെ അറിയിച്ചിരുന്നു. ബുധനാഴ്ചയാകും ഇത്തരം നടപടികളുണ്ടാകുക എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
ഈ മാസം 19-ന് പുലർച്ചെയാണ് ഷാർജ റോളയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ അതുല്യയെ കണ്ടെത്തിയത്. തലേദിവസം രാത്രിയില്‍ ഭാര്യയുമായി വഴക്കിട്ട് പുറത്തുപോയെന്നും പുലർച്ചെ തിരിച്ചെത്തിയപ്പോള്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു എന്നുമായിരുന്നു ഭർത്താവ് സതീഷിന്റെ മൊഴി. സതീഷിനെതിരെ അതുല്യയുടെ മാതാപിതാക്കള്‍ കൊല്ലം പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.