മണിമല: സഹോദരനൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതിയെ പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവിനെ പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് പിടികൂടിയപ്പോൾ കാറിനുള്ളിൽ നിന്നും കണ്ടെത്തിയത് കഞ്ചാവ്. വഴിയെ പോയ യുവതിയെ ശല്യം ചെയ്ത യുവാവ് ഒടുവിൽ കഞ്ചാവ് കേസിൽ ജയിലിലുമായി. മണിമല തേക്കനാൽ അരുൺ തോമസി (26)നെയാണ് മണിമല പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച്ച രാത്രി 11.30 മണിമല പള്ളിക്ക് സമീപമായിരുന്നു സംഭവം. ബന്ധുവിന്റെ വീട്ടിലെചടങ്ങിൽ പങ്കെടുത്ത ശേഷം, യുവതിയും സഹോദരനും ബൈക്കിൽ വീട്ടിലേയ്ക്ക് പോകുകയായിരുന്നു. ഈ സമയം കാറിൽ പിന്തുടർന്നെത്തിയ അരുൺ ഇവരെ തടഞ്ഞു നിർത്തിയ ശേഷം ഇരുവരെയും മർദിച്ചു. മർദ്ദനത്തെതുടർന്ന് യുവതി നിലത്തുവീണു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അരുൺ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചത് സഹോദരൻ ചെറുത്തു നിന്നു. ഇതിനു ശേഷം ഇരുവരും സംഭവ സ്ഥലത്തു നിന്നും ബൈക്കിൽ കയറി രക്ഷപെട്ടു. എന്നാൽ, പിന്നാലെ കാറിലെത്തിയ അരുൺ ഇരുവരെയും ശല്യം ചെയ്യുന്നത് തുടർന്നു. സംഭവത്തെ തുടർന്ന് യുവതിയുടെ സഹോദരൻ ഉടൻ തന്നെ മണിമല പൊലീസ് സ്റ്റേഷനിലേയ്ക്ക് വിവരം വിളിച്ചറിയിച്ചു. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി അരുണിനെ പിടികൂടുകയുമായിരുന്നു.
അരുൺ സഞ്ചരിച്ച കാർ പരിശോധിച്ചപ്പോൾ കാറിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 30 ഗ്രാം കഞ്ചാവും കണ്ടെടുത്തു. സംഭവത്തെ തുടർന്ന് യുവതിയും സഹോദരനും മണിമല പൊലീസിൽ പരാതി നൽകി. കസ്റ്റഡിയിലെടുത്ത് പ്രതിയെ സ്റ്റേഷനിലെത്തിയശേഷം പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്തിരുന്നു. ഫോട്ടോഗ്രാഫറാണ് അരുൺ. കഞ്ചാവ് കടത്തിയതിന് കുമളിയിൽ നിന്നും മുൻപും പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്.
പ്രതിക്കെതിരെ മറ്റ് സ്റ്റേഷനുകളിലും കേസുകളുണ്ട്. മണിമല ബസ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കേസിലും പ്രതിയാണ്. യുവതിയെ ആക്രമിച്ച സംഭവത്തിലും കാറിൽ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തിലും പ്രതിക്കെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.