കോട്ടയം: നഗരമധ്യത്തിൽ തിരുനക്കര അനശ്വര തീയറ്ററിനു സമീപത്ത് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും കോട്ടയം വെസ്റ്റ് പൊലീസും ചേർന്നു നടത്തിയത് ജില്ലയിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട. ജില്ലയിൽ ആദ്യമായാണ് 50 ഗ്രാം എംഡിഎംഎയുമായി പ്രതി പിടിയിലാകുന്നത്. അനശ്വര തീയറ്ററിനു സമീപത്തു നിന്നും കാരാപ്പുഴ പുന്നാപറമ്പിൽ ഗോകുൽ സുരേഷിനെയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ ലഹരി വിരുദ്ധ സംഘവും കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ആർ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്നു പിടികൂടിയത്.
കോട്ടയം ജില്ലയിലേയ്ക്കു വലിയ തോതിൽ എം.ഡി.എംയും കഞ്ചാവും അടക്കമുള്ള വീര്യം കൂടിയ ലഹരി വസ്തുക്കൾ എത്തിക്കുന്ന മാഫിയ സംഘം പ്രവർത്തിച്ചിരുന്നതായി പൊലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ദിവസങ്ങളോളമായി ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘം ഈ ലഹരി മാഫിയ സംഘത്തിലെ കണ്ണികളെ നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെയാണ് എംഡിഎംഎ വാങ്ങാൻ ഗോകുൽ സംസ്ഥാനത്തിന് പുറത്തേയ്ക്കു കടന്നതായി പൊലീസിനു വിവരം ലഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്നു പൊലീസ് സംഘം ഇയാളുടെ മൊബൈൽ ഫോൺ അടക്കം പരിശോധിച്ച് നിരീക്ഷിക്കുകയായിരുന്നു. ഇതിനിടെയാണ് വ്യാഴാഴ്ച രാത്രിയോടെ ഇയാൾ കോട്ടയം നഗരത്തിൽ എത്തിയതായി കണ്ടെത്തിയത്. തുടർന്നു കോട്ടയം ഡിവൈഎസ്പി കെ.ജി അനീഷ്, നർക്കോട്ടിക് സെൽ ഡിവൈഎസ്പി സി.ജോൺ, കോട്ടയം വെസ്റ്റ് എസ്‌ഐ ടി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അടങ്ങുന്ന സംഘം പ്രതിയ്ക്കായി വല വിരിക്കുകയായിരുന്നു. തുടർന്നു പൊലീസ് സംഘം തിരുനക്കര അനശ്വര തീയറ്ററിനു സമീപത്തു വച്ച് ഇയാളെ പിടികൂടി.
വിപണിയിൽ ലക്ഷങ്ങൾ വിലവരുന്നതാണ് അൻപത് ഗ്രാം എംഡിഎംഎ. വിദ്യാർത്ഥികൾക്കു യുവാക്കൾക്കും എത്തിച്ചു നൽകിയ ശേഷം ഇവരെ ലഹരിയ്ക്കു അടിമകളാക്കുകയായിരുന്നു പ്രതികൾ ലക്ഷ്യമിട്ടിരുന്നതെന്നു കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ആർ പ്രശാന്ത്കുമാർ പറഞ്ഞു.