ആലപ്പുഴ: സമാന്തര ബൈപാസ് നിർമാണത്തിന് കുഴിയെടുക്കുന്നതിനിടെ പൈപ്പ്പൊട്ടി. നഗരത്തിൽ കുടിവെള്ളവിതരണം താറുമാറായി. ശനിയാഴ്ച ഉച്ചക്ക് റെയിൽവേ സ്റ്റേഷൻ വാർഡിൽ ഇ.എസ്.ഐ ആശുപത്രിക്ക് പടിഞ്ഞാറുഭാഗത്ത് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുത്തപ്പോഴാണ് പൈപ്പ് പൊട്ടിയത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി സമാന്തര ബൈപാസിന്റെ തൂണുകൾ നിർമിക്കുന്നതിനായുള്ള പൈലിങ് ജോലികളാണ് പുരോഗമിക്കുന്നത്.
ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായി നഗരത്തിലേക്ക് എത്തുന്ന പൈപ്പ് ലൈൻ പൊട്ടി ജലംപാഴായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നും അവധിദിനത്തിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ഫോൺപോലും എടുക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. ബൈപാസ് നിർമാണത്തിന്റെ ഭാഗമായി ചെറുതും വലുതമായ നിരവധി പൈപ്പുകൾ പൊട്ടിയിട്ടുണ്ടെന്ന് വാർഡ് കൗൺസിൽ പ്രഭ ശശികുമാർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊട്ടുന്ന പൈപ്പ് നന്നാക്കുന്നതിനെചൊല്ലി ദേശീയപാതവിഭാഗവും വാട്ടർ അതോറിറ്റി അധികൃതരും തമ്മിലുള്ള തർക്കവും പതിവാണ്. വാട്ടർ അതോറിറ്റി പരിശോധനക്കെത്തുമ്പോൾ എൻ.എച്ച് അധികൃതർ നന്നാക്കാമെന്ന് ഉറപ്പുനൽകി മടക്കി അയക്കും. പിന്നീട് തോന്നിയപോലെയാണ് കാര്യങ്ങൾ നടത്തുന്നത്. പൊട്ടുന്ന ചെറിയ പൈപ്പുകൾ നിർമാണതൊഴിലാളികൾ മണ്ണിട്ട് മൂടുകയാണെന്നും ഇവർ ആരോപിച്ചു.
മുൻകരുതലും സുരക്ഷയുമില്ലാതെ മണ്ണെടുക്കുന്നതാണ് പലപ്പോഴും പൈപ്പുപൊട്ടാൻ കാരണം. രണ്ടുമാസം മുമ്പ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അന്തർസംസ്ഥാന തൊഴിലാഴിയും ഝാർഖണ്ഡ് സ്വദേശിയുമായ രാജ്കുമാർ ശർമ (22) മരിച്ചിരുന്നു.