കോട്ടയം : യഥാകാലം കൊയ്ത്തുയന്ത്രങ്ങളെത്താതെ വിളവെടുപ്പ് പ്രതിസന്ധിയിലായി ഭീമമായ നഷ്ടം നേരിട്ട നെൽ കർഷകർക്ക് സർക്കാരും കൃഷി വകുപ്പും ഉചിതമായ നഷ്ടപരിഹാരം നൽകണമെന്ന് ദേശീയ കർഷക ഫെഡറേഷൻ പ്രസിഡണ്ട് ജോർജ് മുല്ലക്കര ആവശ്യപ്പെട്ടു. വിതമുതൽ 120 ദിവസങ്ങൾ മൂപ്പെത്തുമ്പോൾ കൊയ്യാനാവുമെന്ന് കൃത്യമായ ഉറപ്പുള്ള നെൽകൃഷിയിൽ കൊയ്ത്തിന് ആവശ്യമായ യന്ത്രങ്ങൾ ലഭ്യമാക്കുന്നതിൽ കൃഷി വകുപ്പ് പരാജയപ്പെട്ടതാണ് കുട്ടനാട്ടിലെ ഒന്നാം വിള നെൽകൃഷി നഷ്ടക്കയത്തിലായതിന് കാരണമെന്ന് അദ്ദേഹം ആരോപിച്ചു.
155 – 160 ദിവസങ്ങൾ പിന്നിട്ടാണ് കൊയ്ത്ത് നടത്താനായതു . അതിനാൽ ഏക്കറിന് 16,000 – രൂപ പ്രകാരം ഹെക്ടറിന് 40,000 – രൂപ അടിയന്തിര നഷ്ടപരിഹാരം അനുവദിക്കണം. ദേശീയ കർഷക ഫെഡറേഷൻ കോട്ടയം കളക്ട്രേറ്റിനു മുന്നിൽ സംഘടിപ്പിച്ച കർഷക ധർണ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏക്കറിന് ശരാശരി 25 -30 ശതമാനം വിളവ് മാത്രം ലഭിച്ച കർഷകർ ആവശ്യപ്പെടുന്ന നഷ്ടപരിഹാരം കേവലം 6 ക്വിന്റൽ നെല്ലിന്റെ വില മാത്രമാകുന്നു. ഒന്നാം വിള നെൽകൃഷിയിൽ ആവർത്തിക്കുന്ന പ്രതികൂല കാലാവസ്ഥയും പ്രകൃതിക്ഷോഭങ്ങളും കൃഷിവകുപ്പ് മുൻകൂട്ടി കാണേണ്ടിയിരുന്നു.
സാമ്പത്തിക വരുമാനവും ഭക്ഷണവും കന്നുകാലികൾക്ക് തീറ്റയും തൊഴിലും പ്രതി സന്ധിയിലായ കുട്ടനാട്ടിലെ കർഷക സമൂഹത്തെ താങ്ങിനിർത്തുവാൻ സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യോഗത്തിൽ ഡി.കെ.എഫ്.ജില്ലാ പ്രസിഡന്റ് ജോസഫ് തോമസ് അദ്ധ്യക്ഷത വഹിച്ചു. കർഷക നേതാക്കളായ മാത്തുക്കുട്ടി ജോസഫ് , സേവ്യർ ആറുപറ , അബ്രാഹം കുരുവിള, ഫെഡറേഷൻ ജന.സെക്രട്ടറി രഞ്ജിത് ജോർജ് മണലിൽ, എന്നിവർ പ്രസംഗിച്ചു.