കോട്ടയം : നഗരമധ്യത്തിലെ ജോസീസ് ബാറിലെ സംഘർഷത്തിനിടെ തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാർ ജീവനക്കാരൻ കൊല്ലപ്പെട്ടു. ബാർ ജീവനക്കാരൻ തിരുവല്ല പുറമറ്റം കൂടാരത്തിൽ സുരേഷ് (50) ആണ് മരിച്ചത്. അക്രമികളുടെ കല്ലേറിൽ തലയ്ക്ക് പുറകിൽ പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് മരണം സംഭവിച്ചത്. അക്രമി സംഘത്തിലെ ശ്യാം (മത്തി ശ്യാം), ആദർശ് (സൗണ്ട് തോമ ) , ആബേൽ ജോൺ , ജെബിൻ പി ജോൺ എന്നിവരെ കോട്ടയം വെസ്റ്റ് പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ 20 ന് രാത്രി 10.45 നായിരുന്നു കേസിനാസ്പദമായ സംഭവം. ബാറിനുള്ളിലുണ്ടായ സംഘർഷത്തിൻ്റെ തുടർച്ചയായി ഒരു സംഘം ഇവിടെ ആക്രമണം നടത്തുകയായിരുന്നു. തുടർന്ന് , ഇവർ ബാർ ജീവനക്കാരെ ആക്രമിച്ചു. ഈ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ സുരേഷിൻ്റെ തലയ്ക്ക് ഏറുകൊള്ളുകയായിരുന്നു. പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.