കോട്ടയം : കോട്ടയം ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയിൽ പാമ്പ്. കളക്ടറുടെ ഓഫീസ് അസിസ്റ്റന്റ് സുനിൽ ആണ് രാവിലെ ഉദ്യാനത്തിലെ കുളത്തിൽ ഒരു ചേര അകപ്പെട്ട് കിടക്കുന്നത് കണ്ട് വനംവകുപ്പിനെ വിവരമറിയിച്ചത്. ആർക്കാണ് പോകാൻ പറ്റുന്നതെന്ന് ജില്ലാ കോ-ഓർഡിനേറ്റർ അബീഷ് സർപ്പയുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ചോദിച്ചപ്പൊ തന്നെ ആയുർവേദ ഡോക്ടറായ വിശാൽ ആ ദൗത്യം ഏറ്റെടുത്തു. നാല് വർഷത്തിലേറെ ആയി ലൈസൻസ്ഡ് സ്നേക് റെസ്ക്യൂവർ ആണെങ്കിലും കൃത്യം അരമണിക്കൂറിനുള്ളിൽ സ്ഥലത്തെത്തി കുളത്തിലിറങ്ങി ചേരയെ രക്ഷപെടുത്തുന്നതിനിടെ കളക്ടർ വിഘ്നേശ്വരി ഐഎഎസ് നേരിട്ടെത്തി ഏതിനം പാമ്പാണെന്നും വിഷമുണ്ടോയെന്നും സർപ്പയുടെ സ്നേക് റെസ്ക്യൂ സേവനങ്ങളെപ്പറ്റിയും നിരവധി സംശയങ്ങൾ അവരുടെ മാതൃഭാഷയായ തമിഴിൽ തന്നെ ചോദിച്ചറിഞ്ഞത് തികച്ചും വേറിട്ട അനുഭവമായെന്ന് ഡോ. വിശാൽ പറഞ്ഞു.
ആയുർവേദ ഡോക്ടറാണെന്നും തിരികെ ചെന്നിട്ട് വേണം ക്ലിനിക്കിൽ പോകാനെന്നും പറഞ്ഞപ്പോൾ കളക്ടർ വളരെയധികം കൗതുകത്തോടെയാണ് കേട്ടതെന്ന് ഡോ. വിശാൽ പറയുന്നു. നാല് വർഷത്തിനിടെ 250 ഓളം പാമ്പുകളെ രക്ഷപെടുത്തിയിട്ടുള്ള ഡോ. വിശാൽ കോട്ടയം കളരിക്കൽ ബസാറിലെ ബൈഫ ആയുർവേദ ക്ലിനിക്കിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുകയാണ്.