കോട്ടയം: കോട്ടയം ജില്ലയ്ക്ക് അഭിമാനമായി കെ.പി.പി.എൽ. ഇതിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർത്തീകരിച്ചു. കെ പി പി എല്ലിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് നിലപാട് പറഞ്ഞ് വ്യവസായ മന്ത്രി . ജനുവരി ഒന്നിനു പ്രാരംഭപ്രവർത്തനം ആരംഭിക്കുന്ന കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡ് നാലുഘട്ടങ്ങൾ പിന്നിട്ട് അവസാനഘട്ടത്തിൽ 3200 കോടി രൂപ വിറ്റുവരവുള്ള മുൻനിര സ്ഥാപനമായി മാറുമെന്നും മൂവായിരത്തിലധികം പേർക്ക് തൊഴിൽ നൽകാൻ സാധിച്ചേക്കുമെന്നുമാണ് വ്യവസായ-കയർ-നിയമ വകുപ്പു മന്ത്രി പി. രാജീവ് പറഞ്ഞത്.
സംസ്ഥാന സർക്കാർ ഏറ്റെടുത്ത കോട്ടയം വെള്ളൂരിലെ എച്ച്.എൻ.എൽ. പുനഃസംഘടിപ്പിച്ച് കേരള പേപ്പർ പ്രോഡക്റ്റ്സായി പ്രവർത്തനം ആരംഭിക്കുന്നതിനു മുന്നോടിയായി ഇവിടം സന്ദർശിക്കുകയായിരുന്നു മന്ത്രി.
കമ്പനി നാലു ഘട്ടങ്ങളിലായി പ്രവർത്തനമാരംഭിക്കും. നടത്തിപ്പും പൂർണ നിയന്ത്രണവും കിൻഫ്രയ്ക്കാണ്. വ്യവസായവകുപ്പ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായും കിൻഫ്ര എം.ഡി. സന്തോഷ് കോശി ജേക്കബ്ബ്, സ്പെഷൽ ഓഫീസർ പ്രസാദ് ബാലകൃഷ്ണൻ എന്നീ മൂന്നംഗ ബോർഡിനാണ് കമ്പനിയുടെ പൂർണ ചുമതല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒന്നാം ഘട്ടമായ ജനുവരി മുതൽ ആദ്യത്തെ അഞ്ചു മാസംകൊണ്ട് ഫാക്ടറി ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കും. മേയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഫാക്ടറി നവീകരണത്തിനു മാത്രമായി 34.3 കോടി അഞ്ചു മാസത്തേക്ക് വകയിരുത്തിയിട്ടുണ്ട്. മൂന്നു മുതൽ ആറു മാസത്തിനകം രണ്ടാംഘട്ടത്തിൽ 44.9 കോടി മുതൽ മുടക്കിൽ ഉൽപാദനം ആരംഭിക്കും. ഇതിന് 75.15 കോടി രൂപ പ്രവർത്തനമൂലധനം ആവശ്യമാണ്. ആദ്യ മാസങ്ങൾ പരീക്ഷണഘട്ടമാണ്. ഉൽപാദനം പുനരാരംഭിക്കുമ്പോൾ ഇറക്കുമതി ചെയ്ത പൾപ്പാവും കൂടുതൽ ഉപയോഗിക്കുക. ചെറിയ തോതിൽ റീസൈക്കിൾ പൾപ്പ്, വെർജിൻ പൾപ്പ്, മെക്കാനിക്കൽ പൾപ്പ് എന്നിവ പേപ്പർ നിർമാണത്തിനായി ഉപയോഗിച്ചു തുടങ്ങും.
മൂന്നാം ഘട്ടം 650 കോടി രൂപ നിക്ഷേപത്തോടെ പ്രവർത്തനമാരംഭിച്ച് ഒമ്പതു മാസമാകുമ്പോൾ പ്രകടമായ മാറ്റം ലാഭത്തിലുണ്ടാകും. പ്രവർത്തനം ആരംഭിച്ചതിനുശേഷം കമ്പനിയുടെ സ്വന്തം സംവിധാനത്തിലും ബാങ്കുകളുടെ പിന്തുണയോടെയുമാണ് തുക സമാഹരിക്കുക. നാലാം ഘട്ടമായ 17 മാസം കൊണ്ട് 3.50 ലക്ഷം ടൺ ഉൽപ്പാദനമുള്ള 350 കോടി വരുമാനമുണ്ടാക്കുന്ന കമ്പനിയായി വളരുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി അറിയിച്ചു.
ഉൽപ്പാദനത്തിന്റെ ആദ്യ ഘട്ടം ന്യൂസ് പ്രിന്റിംഗ് മാത്രമെങ്കിലും ശേഷം ടിഷ്യു പേപ്പർ ഉൾപ്പെടെയുള്ള പ്രീമിയം പേപ്പർ ഉൽപന്നങ്ങളുടെ നിർമാണവും ആരംഭിക്കും. അവസാനഘട്ടത്തിൽ 3200 കോടി വിറ്റുവരവുള്ള മുൻനിര സ്ഥാപനമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. അവസാന ഘട്ടത്തിൽ മൂവായിരത്തിലധികം പേർക്ക് തൊഴിൽ നൽകാൻ സാധിച്ചേക്കും. ഇതിനായി കൃത്യമായ റോഡ് മാപ്പും ഷെഡ്യൂളുകളും തയാറാക്കും. പഴയ കമ്പനിയുടെ റെസൊല്യൂഷൻ പ്രകാരമുള്ള എല്ലാ ബാധ്യതകളും നൽകിക്കഴിഞ്ഞാണ് കിൻഫ്ര സ്ഥാപനം ഏറ്റെടുത്തത്. അതിനാൽ നിലവിലുള്ള തൊഴിലാളികളുടെ ബാധ്യതകൾ കമ്പനി ഏറ്റെടുക്കില്ല. ഇവിടത്തെ തൊഴിലാളികൾക്ക് പ്രാതിനിധ്യം കൊടുത്തുതന്നെ തൊഴിലിന്റെ സ്വഭാവമനുസരിച്ച് ആവശ്യമുള്ളവരെ കമ്പനി കരാറിലോ ദിവസവേതന അടിസ്ഥാനത്തിലോ നിയമിക്കും. പോയകാലത്ത് നഷ്ടത്തിലോടിയ ഒരു സ്ഥാപനത്തിന്റെ തൊഴിൽ സാഹചര്യം-സംസ്ക്കാരം, ഇതുവരെ പിന്തുടർന്ന രീതി, പരിതസ്ഥിതികൾ എന്നിവ അനുസരിച്ച് കമ്പനിയെ ലാഭത്തിലേക്കെത്തിക്കാനുള്ള നിലപാടെടുക്കാൻ പൂർണമായ ഉത്തരവാദിത്തവും സ്വാതന്ത്ര്യവും മാനേജ്മെന്റിന് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ, സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എം.എൽ.എ. മാരായ സി.കെ. ആശ, മോൻസ് ജോസഫ്, ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവർ നടത്തിയ ശ്രമങ്ങളുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിലാണ് കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡ് പ്രവർത്തിപ്പിക്കുന്നതിന് തീരുമാനിച്ചത്.
700 ഏക്കർ വരുന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള കുറച്ചു സ്ഥലം ഏറ്റെടുത്ത് കേരള റബർ ലിമിറ്റഡിന്റെ ഭാഗമായി റബർ കർഷകർക്ക് വിലകിട്ടുന്ന രീതിയിൽ റബർ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്കായി റബർ സിറ്റിയും െൈഹടെക് വികസന രീതിയിൽ കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കും സ്ഥാപിക്കും. കോട്ടയത്തിന്റെ മുഖഛായ മാറ്റാൻ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡ് എന്ന പേരിന് കേന്ദ്ര രജിസ്ട്രേഷൻ വകുപ്പിന്റെ അനുമതി കഴിഞ്ഞ തിങ്കളാഴ്ച ലഭിച്ചു. ഫാക്ടറിയുടെ നിലവിലെ അവസ്ഥകൾ മന്ത്രി നേരിട്ടുകണ്ട് വിലയിരുത്തി. ന്യൂസ് പ്രിന്റ് കാര്യാലയത്തിൽ സജ്ജമാക്കിയ കേരള റബർ ലിമിറ്റഡിന്റെ ഓഫീസ് ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
എം.എൽ.എ. മാരായ മോൻസ് ജോസഫ്, സി.കെ. ആശ, വ്യവസായവകുപ്പ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കേരള റബർ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഷീല തോമസ്, കിൻഫ്ര എം.ഡി. സന്തോഷ് കോശി ജേക്കബ്ബ്, കമ്പനിയുടെ സ്പെഷൽ ഓഫീസർ പ്രസാദ് ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.