കോട്ടയം: കഴിഞ്ഞകാലങ്ങളിലെ വികസന പോരായ്മകൾ പരിഹരിച്ച് പതിനാലാം പഞ്ചവത്സര പദ്ധതിയിലൂടെ കോട്ടയം ജില്ലയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പറഞ്ഞു. പതിനാലാം പഞ്ചവത്സര പദ്ധതി (2022-27) യുടെ ഭാഗമായി ചേർന്ന ജില്ലാ പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
കോവിഡ് നിയന്ത്രണ സാഹചര്യത്തിൽ വിഭവങ്ങൾ പരിമിതമായേക്കാവുന്ന അവസ്ഥയിൽ സുസ്ഥിര വികസനം ലക്ഷ്യമിട്ടുള്ള നൂതനപദ്ധതികൾ വിഭാവനം ചെയ്യണം. പിന്നാക്ക ജനവിഭാഗങ്ങളുടേയും ഭിന്നശേഷിക്കാരുടേയും പുരോഗതിക്കാവശ്യമായ പദ്ധതികൾ അതീവ പ്രാധാന്യത്തോടെ നടപ്പാക്കണമെന്നും അവർ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് റ്റി.എസ്. ശരത്ത് അധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പതിനാലാം പഞ്ചവത്സര പദ്ധതി സംബന്ധിച്ച് ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ മഞ്ജു സുജിത്ത്, പി.എസ്. പുഷ്പമണി, റ്റി.എൻ. ഗിരീഷ്‌കുമാർ, ജെസ്സി ഷാജൻ, അംഗങ്ങളായ ജോസ് പുത്തൻകാല, ശുഭേഷ് സുധാകരൻ, പി.ആർ. അനുപമ, രാധാ വി. നായർ, സെക്രട്ടറി ഇൻ ചാർജ് മേരി ജോബ്, കില ഫെസിലിറ്റേറ്റർ ബിന്ദു അജി, ആസൂത്രണ സമിതി അംഗങ്ങൾ പ്ലാനിംഗ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് 15 വർക്കിംഗ് ഗ്രൂപ്പുകളായി തിരിഞ്ഞ് പതിനാലാം പഞ്ചവത്സര പദ്ധതിയിൽ ഏറ്റെടുക്കേണ്ട പദ്ധതികളെക്കുറിച്ച് ചർച്ച നടത്തി.