കോട്ടയം: കൈവിട്ട നഗരഭരണം പ്രായോഗിക രാഷ്ട്രീയ തന്ത്രത്തിലൂടെ കോൺഗ്രസ് തിരികെ പിടിച്ചത് സുരേഷ് ഇഫക്ടിലൂടെ. ഭൂരിപക്ഷമുണ്ടായിട്ടും എൽ.ഡി.എഫ് – എസ്.ഡി.പി.ഐ കൂട്ട് കെട്ടിലൂടെ അട്ടിമറിച്ച ഈരാറ്റുപേട്ട ഭരണവും, ബി.ജെ.പിയുടെ തോളിൽ ചാരി മറിച്ചിട്ട കോട്ടയത്തെ നഗരഭരണവും ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ തിരികെ പിടിക്കാനായത് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ പേരിന് പെരുമയായി.
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് നിയോഗിക്കപ്പെട്ട നാട്ടകം സുരേഷിന്റെ ആദ്യ വെല്ലുവിളി തന്നെ കൈവിട്ട ഈരാറ്റുപേട്ടയും, കോട്ടയവും തിരികെ പിടിക്കുക എന്നതായിരുന്നു. ഇതിനായി തന്റെ ആവനാഴിയിലെ ആയുധങ്ങളെല്ലാം അദ്ദേഹം എടുത്ത് പ്രയോഗിച്ചിരുന്നു. ഇത് തന്നെയാണ് ആദ്യ ഘട്ടത്തിൽ ബഹുദൂരം മുന്നിലെത്താൻ സുരേഷിന് തുണയായതും. ഈരാറ്റുപേട്ടയിൽ സി.പി.എമ്മിന്റെയും ഇടതു പക്ഷത്തിന്റെയും അവിശുദ്ധ സഖ്യത്തെ തുറന്ന് കാട്ടി ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ പോരാട്ടം, കൃത്യ സ്ഥലത്താണ് പതിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ വിഷയത്തിൽ എൽ.ഡി.എഫ് പ്രതിരോധത്തിലായി. വർഗീയ ശക്തികളുമായി കൂട്ടുകൂടാതിരിക്കാൻ നിർബന്ധിതരായ എൽ.ഡി.എഫിന് അവസാനം കൂട്ടുകെട്ടിൽ നിന്നും പിന്മാറേണ്ടി വന്നു. ഫലമോ കോൺഗ്രസ് അധികാരം പിടിച്ചെടുത്തു. കോട്ടയം നഗരസഭയിൽ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയാണ് അധികാരം പിടിച്ചെടുക്കാൻ സി.പി.എമ്മും ഇടതുമുന്നണിയും തന്ത്രം പയറ്റിയത്. എട്ട് ബി.ജെ.പി അംഗങ്ങൾ അവിശ്വാസ പ്രമേയ ചർച്ചയിൽ കോൺഗ്രസിനെ എതിർത്ത് എൽ.ഡി.എഫിന് വോട്ട് ചെയ്തു. ഇതോടെ ഭരണം താഴെ വീണു.
ഇവിടെയും ബി.ജെ.പിയുമായി കൂട്ട് കൂടുന്ന ഇടതുമുന്നണി രാഷ്ട്രീയത്തിലെ പൊള്ളത്തെരമാണ് യു.ഡി.എഫും കോൺഗ്രസും തുറന്ന് കാട്ടിയത്. ഇതോടെ വൻ തിരിച്ചടിയാണ് എൽ.ഡി.എഫിനു നേരിടേണ്ടി വന്നത്. ബി.ജെ.പി സഖ്യമെന്ന് കോൺഗ്രസിനെ നിരന്തരം ആക്രമിക്കാറുള്ള സി.പി.എമ്മിന് അതേ നാണയത്തിൽ തന്നെ കോൺഗ്രസിന്റെ ഡി.സി.സി പ്രസിഡന്റ് നേരിട്ട് മറുപടി നൽകിയതോടെ പിടിച്ചു നിൽക്കാനാവാതെയായി സി.പി.എമ്മിനും ഇടതു മുന്നണിയ്ക്കും. അവിശ്വാസപ്രമേയ വോട്ടെടുപ്പിലെ നിലപാട് ഭരണം പിടിക്കാനുള്ള വോട്ടെടുപ്പിലും പുറത്തെടുക്കാൻ തന്ത്രം ഒരുക്കിയ സി.പി.എമ്മും ബി.ജെ.പിയും ഇതോടെ പ്രതിരോധത്തിലുമായി. ഇതാണ് കോൺഗ്രസിനും യു.ഡി.എഫിനും വീണ്ടും കോട്ടയത്തെ അധികാരം പിടിക്കാൻ സഹായകമായത്.