കോട്ടയം: എരുമേലി മുക്കൂട്ടുതറയില്‍ വ്യാപാര സമുച്ചയത്തിലെ കടത്തിണ്ണയില്‍ ലോട്ടറിവില്‍പനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം.മുട്ടപ്പള്ളി വിളയില്‍ ഗോപി(72)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ചാത്തന്‍തറ ഇടത്തിക്കാവ് താഴത്തുവീട്ടില്‍ മനോജി(45)നെ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ വൈരാഗ്യമാണു കൊലയ്ക്കു കാരണമെന്ന് പോലീസ് പറഞ്ഞു. കൊലപാതകശേഷം മനോജ് തന്നെയാണു ഗോപിയുടെ മൃതദേഹം പുതപ്പിച്ചു കിടത്തിയതെന്നും സ്വന്തം പേരും സ്ഥലവും മൃതദേഹം കിടന്നതിനു സമീപം ഭിത്തിയില്‍ ഇഷ്ടിക കൊണ്ട് അവ്യക്തമായി എഴുതിയതെന്നും പൊലീസ് കണ്ടെത്തി. മനോജിന്റെ കൈയ്യക്ഷരം പരിശോധിച്ചാണ് പോലീസ് ഇത് സ്ഥിരീകരിച്ചത്.
വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിലേക്കു കുത്തിക്കയറിയുണ്ടായ രക്തസ്രാവം മരണകാരണമായെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കേള്‍വി, സംസാര വെല്ലുവിളി നേരിടുന്നയാളാണ് പ്രതി. അതിനാല്‍ തിരുവല്ലയിലെ ഭിന്നശേഷി വിദ്യാലയത്തിലെ അധ്യാപകരുടെ സഹായത്തോടെയാണു പോലീസ് മൊഴി രേഖപ്പെടുത്തിയത്.