ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: നൂറു കിലോയിലധികം പഴകിയ മീൻ പിടിച്ചിട്ടും കൂസലില്ലാതെ മണിപ്പുഴയിലെ മീൻ കടകൾ. കോട്ടയം മണിപ്പുഴയിലെ രണ്ടു മീൻകടകളുമാണ് നൂറു കിലോയിലധികം പഴകിയ മീൻ പിടികൂടിയ സംഭവത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത്. ഈ രണ്ടു കടകളും ഇപ്പോഴും തുറന്ന് പ്രവർത്തിക്കുകയാണ്. നാട്ടുകാരുടെ ആരോഗ്യത്തിന് പോലും വെല്ലുവിളിയായ കടകൾക്കെതിരെ നടപടിയെടുക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
മൂലവട്ടം മണിപ്പുഴയിൽ മേൽപ്പാലത്തിലേയ്ക്കു കയറുന്നതിനു മുൻപ് റോഡരികിൽ വഴിയോരത്ത് പന്തൽ കെട്ടി തുറന്നു വച്ചിരിക്കുന്ന മീൻകടകളാണ് നാട്ടുകാർക്ക് ജീവനു പോലും ഭീഷണിയായി മാറിയിരിക്കുന്നത്. വെള്ളിയാഴ്ച പുലർച്ചെയാണ് ഈ മീൻകടയിൽ നിന്നും ഭക്ഷ്യസുരക്ഷാ വിഭാഗവും, ഫിഷറീസ് വകുപ്പും, നഗരസഭയും സംയുക്തമായി പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് നൂറുകിലോയിലധികം മീൻ പിടിച്ചെടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ രണ്ടു കടകൾക്കുമെതിരെ മുൻപ് തന്നെ പരാതി ഉയർന്നിരുന്നു. ഇവിടെ നിന്നും വാങ്ങുന്ന മീൻകഴിക്കുന്ന ആളുകൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതായും, വയറിളക്കവും ഛർദിയും അടക്കം അനുഭവപ്പെടുന്നതായും പരാതി ഉയർന്നിരുന്നു. എന്നാൽ, ഇതെല്ലാം പരാതിയായി ഉയർന്നിട്ടും അധികൃതർ നടപടികളൊന്നുമെടുത്തിരുന്നില്ല. ഇതിനിടെയാണ് ഇപ്പോൾ നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്.
ഈ പരിശോധനയിൽ പഴകിയ മീൻ കണ്ടെത്തിയ സംഭവം പുറത്തറിഞ്ഞിട്ട് പോലും കട അടയ്ക്കാൻ ഇവർ തയ്യാറായിട്ടില്ല. അക്ഷരാർത്ഥത്തിൽ വെല്ലുവിളിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് കട ഉടമകൾ. സാധാരണക്കാരുടെ ജീവന് പോലും ഈ കട ഉടമകളുടെ രീതി വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഈ കടകൾ തുറന്ന് പ്രവർത്തിക്കുന്നതിന് എതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. എന്നാൽ, പിടിച്ചെടുത്തത് പഴകിയ മീനല്ലെന്നും, മീനിന്റെ മാലിന്യമാണ് എന്നുമാണ് ഇപ്പോൾ കട ഉടമകൾ നൽകുന്ന വിശദീകരണം. ഈ മീനിന്റെ മാലിന്യവും വെള്ളവും അടക്കം ഇവർ കടയ്ക്കു പുറകിലെ തോട്ടിൽ തട്ടുകയാണ് ചെയ്യുന്നത്. ഇതും നിയമവിരുദ്ധമാണ്.