കടുത്തുരുത്തി : ഓട്ടം വിളിച്ചു വരുത്തി ഓട്ടോറിക്ഷ ഡ്രൈവറെ കുത്തിയ ശേഷം ഗൃഹനാഥൻ തുങ്ങി മരിച്ചു. വ്യാഴാഴ്ച പകൽ 12 ഓടെ അറുനൂറ്റിമംഗലത്താണ് സംഭവം. അറുനൂറ്റിമംഗലം മുള്ളംമടയ്ക്കൽ ഷിബു ലൂക്കോസ്(48) ആണ് തൂങ്ങിമരിച്ചത്. അറുനൂറ്റിമംഗലം സ്റ്റാൻ്റിലെ ഓട്ടോറിക്ഷ ഡ്രൈവറായ കെ എസ് പുരം വടക്കേ കണ്ണംകരയത്ത് വി എസ് പ്രഭാത് (40)നാണ് കുത്തേറ്റത്. സിംഗപ്പൂരിൽ ഹോംനേഴ്സായി ജോലി ചെയ്യുന്ന ഷിബുവിൻ്റെ ഭാര്യ അവധിക്ക് ശേഷം വെള്ളിയാഴ്ച തിരികെ പോകാനിരിക്കെയാണ് സംഭവം.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ പകൽ പന്ത്രണ്ടോടെ ടാപ്പിംഗ് തൊഴിലാളിയായ ഷിബു പ്രഭാതിനെ ഓട്ടം പോകാനായി വീട്ടിലേക്ക് വിളിച്ചു വരുത്തുകയും അവിടെ വച്ച് വാക്കേറ്റം ഉണ്ടാകുകയും റബർ കത്തി ഉപയോഗിച്ച് പ്രഭാതിനെ കുത്തുകയായിരുന്നു. കുത്തേറ്റ പ്രഭാത് ഓട്ടോറിക്ഷയുമായി അവിടെ നിന്ന് പോകുകയും അറുനൂറ്റിമംഗലത്തെത്തി മറ്റ് ഓട്ടോക്കാരെ തിരക്കിയെങ്കിലും കാണാത്തതിനാൽ തനിയെ വണ്ടി ഓടിച്ച് മുട്ടുചിറയിലെ ആശുപത്രിയിലേക്ക് പോകും വഴി മലകയറ്റ പള്ളിക്ക് സമീപമെത്തിയപ്പോൾ നിയന്ത്രണം വിട്ട് റോഡ് വക്കിലെ കയ്യാലയ്ക്കും പോസ്റ്റിനുമിടയിലേക്ക് ഇടിച്ചു കയറി നിന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗുരുതര പരിക്കേറ്റ പ്രഭാതിനെ കടുത്തുരുത്തി പോലീസ് എത്തി കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രഭാത് വീട്ടിൽ നിന്ന് പോയ ശേഷം ഷിബു വീടിനകത്ത് കയറി തൂങ്ങി മരിക്കുകയായിരുന്നു. ഷിബുവിൻ്റെ മൃതദേഹം കടുത്തുരുത്തി പോലീസ് എത്തി മുട്ടുചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഷീബ. മക്കൾ: ആഷ്ന (നേഴ്സ്),അലീന (നഴ്സിംഗ് വിദ്യാർത്ഥി ഹൈദരാബാദ് ).സംസ്കാരം പിന്നീട്.