ജാഗ്രതാ ന്യൂസ്
എക്‌സ്‌ക്യൂസീവ്
കോട്ടയം: സി.പി.എം നിയന്ത്രണത്തിലുള്ള കാരാപ്പുഴ സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ്. സി.ഐ.ടി.യു ചുമട്ട് തൊഴിലാളി യൂണിയൻ സംസ്ഥാ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ തട്ടിപ്പിൽ ബാങ്കിന് നഷ്ടമായത് 1.13 കോടി രൂപയാണ്. സംഭവം പുറത്തു വരാതിരിക്കാൻ കിണഞ്ഞ് പരിശ്രമിക്കുന്ന സി.പി.എം, രഹസ്യമായി അന്വേഷണം നടത്തുന്നതിനായി കോട്ടയം ഏരിയ കമ്മിറ്റിയിൽ നിന്നും രണ്ടംഗ അന്വേഷണ കമ്മിഷനെയും, നിയമിച്ചു. കണ്ണൂർ കരുവന്നൂർ ബാങ്ക് തട്ടിപ്പ് സമാനമായ തട്ടിപ്പാണ് കോട്ടയത്തും സി.പി.എം നേതാവിന്റെ നേതൃത്വത്തിൽ നടത്തിയിരിക്കുന്നത്.
രണ്ടു മാസം മുൻപാണ് സി.ഐ.ടി.യു ഹെഡ് ലോഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറിയും, സി.പി.എം കോട്ടയം ഏരിയ കമ്മിറ്റി അംഗവും, കാരാപ്പുഴ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായ സി.പി.എം നേതാവിനെതിരെ പരാതി ഉയർന്നത്. ഈ നേതാവിനെതിരെയും, ബാങ്ക് പ്രസിഡന്റിനും മാനേജർക്കും എതിരെയാണ് സി.പി.എം ജില്ലാ കമ്മിറ്റിയ്ക്ക് പരാതി ലഭിച്ചത്. ഒരു ലക്ഷം രൂപയിൽ താഴെ ഈട് ലഭിക്കുന്ന അഞ്ച് സെന്റ് പാടം കാട്ടി, ഒരു കോടി രൂപയിലധികം ബാങ്കിൽ നിന്നും തട്ടിയെടുത്തതായാണ് പരാതി ഉയർന്നിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാന ഭാരവാഹിയായ നേതാവിന്റെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലം കാട്ടി 25 ലക്ഷം രൂപയാണ് ബാങ്കിൽ നിന്നും വായ്പയെടുത്തതെന്നു പരാതിയിൽ പറയുന്നു. സെന്റിന് ഒരു ലക്ഷം രൂപയിൽ താഴെ മാത്രമാണ് പ്രദേശത്ത് വിലയുള്ളത്. എന്നാൽ, അഞ്ചു സെന്റിന് ഏഴര ലക്ഷം രൂപയാണ് ബാങ്ക് നടത്തിയ പരിശോധനയിൽ വാല്യു കണ്ടെത്തിയത്. ഇത്തരത്തിൽ വ്യാജ രേഖ ചമച്ചാണ് തട്ടിപ്പിന് തുടക്കമിട്ടതെന്നു പരാതിക്കാർ പറയുന്നു. ബാങ്ക് സ്ഥലത്തിനു കണ്ടെത്തുന്ന വാല്യുവിന്റെ പകുതി മാത്രമേ വായ്പയായി അനുവദിക്കാവൂ എന്നാണ് ചട്ടം. എന്നാൽ, ഇത് മറികടന്ന് 25 ലക്ഷം രൂപയാണ് അഞ്ചു സെന്റിന് വായ്പയായി അനുവദിച്ചത്.
ഈ തുകയിൽ പത്തു ലക്ഷം രൂപ ബാങ്കിൽ ഫിക്‌സഡ് ഡിപ്പോസിറ്റായി ഇദ്ദേഹം നിക്ഷേപിച്ചു. തുടർന്ന്, ബാങ്കിൽ നിന്നും ചിട്ടി പിടിച്ചു. ഈ ചിട്ടി പിടിക്കുന്നതിനു ഈടായി നൽകിയത് ബാങ്കിലെ തന്നെ ഫിക്‌സഡ് ഡിപ്പോസിറ്റായി നൽകിയ തുകയായിരുന്നു. പത്തു ലക്ഷം രൂപ ചിട്ടി പിടിച്ച ശേഷം ഈ ഫിക്‌സഡ് ഡിപ്പോസിറ്റ് ഇദ്ദേഹം പിൻവലിക്കുകയും ചെയ്തു. ഇത്തരത്തിൽ 1.13 കോടി രൂപയുടെ തട്ടിപ്പാണ് ബാങ്കിൽ നടന്നതെന്നാണ് പരാതി. ഇത്തരത്തിൽ 45 ലക്ഷം രൂപയും, ഇതിന്റെ പലിശയും അടക്കം 1.13 കോടി രൂപയാണ് ബാങ്കിൽ നിന്നും വ്യാജ രേഖകൾ അടക്കം തട്ടിയെടുത്തിരിക്കുന്നത്.
സംഭവത്തിൽ പാർട്ടിയ്ക്കു പരാതി നൽകിയ പരാതിക്കാർ പാർട്ടിതല നടപടി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി പാർട്ടി രഹസ്യ അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. സി.പി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്വേഷണ കമ്മിഷൻ അന്വേഷണം ആരംഭിച്ചെിലും ഇതുവരെയും നടപടികൾ എങ്ങും എത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഒരു വിഭാഗം പ്രവർത്തകർ തന്നെ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. വൻ തട്ടിപ്പ് അടക്കം നടത്തിയിട്ടും ഇതുവരെയും പൊലീസ് അന്വേഷണമോ, സഹകരണ വകുപ്പിന്റെ വിജിലൻസിനോ പരാതി കൈമാറാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ബാങ്കിനെ വെട്ടിച്ച് ഇത്തരത്തിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പാർട്ടിയിൽ വൻ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.