കോട്ടയം: കഞ്ഞിക്കുഴിയിൽ റോഡരികിൽ അനധികൃതമായി പാർക്ക് ചെയ്തിരുന്ന കാറിൽ കെ.എസ്.ആർ.ടി.സി ബസി തട്ടിയതോടെ വൻ ഗതാഗതക്കുരുക്ക്. കഞ്ഞിക്കുഴി ജംഗ്ഷനിൽ കളത്തിപ്പടി ഭാഗത്തേയ്ക്കുള്ള റോഡിലാണ് കെ.എസ്.ആർ.ടി.സി ബസ് റോഡരികിൽ പാർക്ക് ചെയ്ത കാറിൽ ഇടിച്ചത്. അപകടത്തെ തുടർന്ന് കെകെ റോഡിൽ വൻ ഗതാഗതക്കുരുക്കുണ്ടായി. തുടർന്ന്, നഗരം മുഴുവൻ കുരുങ്ങിക്കിടക്കുകയാണ്. അപകടത്തിൽപ്പെട്ട കാർ ബസിന്റെ ഒരു വശത്ത് ഉടക്കി നിന്നത് നാട്ടുകാരും യാത്രക്കാരും ചേർന്ന് തള്ളി മാറ്റുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു സംഭവം. കോട്ടയത്തു നിന്നും കുമളിയ്ക്കു പോകുകയായിരുന്നു കെ.എസ്.ആർ.ടി.സി ബസ്. ഈ സമയത്താണ് റോഡരികിൽ കാർ പാർക്ക് ചെയ്തിരുന്നത്. കാറിനുള്ളിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല. റോഡരികിലൂടെ കയറിയെത്തിയ കെ.എസ്.ആർ.ടി.സി ബസ് കാറിന്റെ ഒരു വശത്ത് തട്ടുകയായിരുന്നു. കാറിൽ തട്ടി നിന്ന ബസ് മുന്നോട്ടെടുക്കാനായില്ല. മുന്നോട്ടോ പിന്നോട്ടോ എടുത്തിരുന്നെങ്കിൽ കാറിന്റെ ഒരു ഭാഗം പൂർണമായും തകർന്നേനെ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാറിന്റെ ഉടമ എത്തുന്നതിനായി കെ.എസ്.ആർ.ടി.സി ബസും യാത്രക്കാരും കാത്തിരുന്നെങ്കിലും സാധിച്ചില്ല. ഇതേ തുടർന്ന്, ബസ് റോഡിനു നടുവിൽ തന്നെ കിടന്നു. തുടർന്ന്, ബസ് യാത്രക്കാർ ഇറങ്ങി മറ്റു ബസുകളിൽ യാത്ര തുടരുകയായിരുന്നു. ഇതേ തുടർന്ന് കഞ്ഞിക്കുഴിയിൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടായി. തുടർന്നാണ് കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി യാത്രക്കാരും നാട്ടുകാരും ചേർന്ന് കാർ തള്ളിമാറ്റി ബസ് യാത്ര തുടർന്നത്.