വൈക്കം: തലയോലപ്പറമ്പ് പോസ്റ്റ് ഓഫിസ് കെട്ടിടം തകർത്ത് ഉള്ളിൽ കയറി മോഷണം നടത്തിയ കേസിൽ കൊല്ലം സ്വദേശിയായ അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ. അന്തർ സംസ്ഥാന മോഷ്ടാവായ കൊല്ലം കരവലൂർ വട്ടമൺ സജിമന്ദിരത്തിൽ സനോജിനെയാണ് തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബർ പത്തിനാണ് തലയോലപ്പറമ്പ് പോസ്റ്റ് ഓഫിസിന്റെ പടിഞ്ഞാറുവശത്തെ വാതിലിന്റെ പൂട്ട് തകർത്ത് അകത്തു കയറിയ മോഷ്ടാവ് 16300 രൂപയും വസ്തുക്കളും മോഷ്ടിച്ചത്.
പണം നഷ്ടമായതായി കണ്ടെത്തിയതിനെ തുടർന്നു ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നിർദേശത്തെ തുടർന്നു വൈക്കം ഡിവൈ.എസ്.പി എ.ജെ തോമസിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയായിരുന്നു. മോഷണം നടന്നതിനെ തുടർന്ന് പൊലീസ് സ്ഥലത്ത് നടത്തിയ പരിശോധനയിൽ ഇവിടെ നിന്നും പ്രതിയുടേത് എന്നു സംശയിക്കുന്ന വിരലടയാളവും ലഭിച്ചിരുന്നു. ഫിംലർ പ്രിന്റ് ബ്യൂറോയും, സൈന്റിഫിക്ക് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് മോഷ്ടാവിന്റേത് എന്നു സംശയിക്കുന്ന വിരലടയാളം ലഭിച്ചത്. തുടർന്നു, പൊലീസ് നടത്തിയ പരിശോധനയിൽ മോഷ്ടാവായ കൊല്ലം സ്വദേശി സനോജിന്റെ വിരലടയാളമാണ് ഇതെന്നു തിരിച്ചറിഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിരവധി മോഷണക്കേസിലെ പ്രതിയായ സനോജിന്റെ വിരലയാളം പൊലീസിന്റെ രേഖകളിലുണ്ടായിരുന്നു. തുടർന്ന്, ഇയാളുടെ ചിത്രം പൊലീസ് വാട്സ്അപ്പ് ഗ്രൂപ്പുകളിൽ കൈമാറി. തുടർന്ന്, പ്രതി തലയോലപ്പറമ്പ് ബസ്സ് സ്റ്റാൻറിന് സമീപത്ത് പ്രതി നിൽക്കുന്നതായി പൊലീസിനു വിവരം ലഭിക്കുകയായിരുന്നു. തുടർന്നു, തലയോലപ്പറമ്പ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ മനോജ്, കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ജെ തോമസ് എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം കടുത്തുരുത്തിയിൽ ബ്ലോക്ക് ഓഫിസിൽ മോഷണ ശ്രമം നടന്നിരുന്നു. ഈ കേസിൽ അന്വേഷണം നടത്തുന്നതിനായി കടുത്തുരുത്തി, തലയോലപ്പറമ്പ് സി.ഐമാരെ ഉൾപ്പെടുത്തി ഒരു അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഈ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെപ്പറ്റി കൃത്യമായ സൂചന ലഭിച്ചത്.അന്തർജില്ലാ മോഷ്ടാവായ പ്രതി പുനലൂർ, അഞ്ചൽ, പാലോട്, ചടയമംഗലം എന്നീ പൊലീസ് സ്റ്റേഷനുകളിൽ ആകെ ഒൻപതു മോഷണകേസ്സുകളിൽ പ്രതിയുമാണ്.