കോട്ടയം : എംസി റോഡിൽ മറിയപ്പള്ളിയിൽ നിയന്ത്രണം വിട്ട ലോറി കാറിലും സ്കൂട്ടറിലും ഇടിച്ച് മരിച്ച ദമ്പതിമാരുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഇരുവരുടെയും മൃതദേഹം ശനിയാഴ്ച ബന്ധുക്കൾക്ക് വിട്ടു നൽകും. ഇരുവരും മറിയപ്പള്ളിയിലെ ബന്ധുവീട്ടിൽ പോയതിനുശേഷം ബാക്കിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടയാണ് അപകടം ഉണ്ടായതും മരണം സംഭവിച്ചതും. പള്ളം മംഗലപുരം വീട്ടിൽ ഷൈലജ (60) , ഭർത്താവ് സുദർശനൻ (67) എന്നിവരാണ് വെള്ളിയാഴ്ച ഉച്ചയ്ക്കുണ്ടായ അപകടത്തിൽ മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ എം സി റോഡിൽ മറിയപ്പള്ളിയിൽ ആയിരുന്നു അപകടം. പള്ളത്തു നിന്നും മറിയപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്നു ഇവർ സഞ്ചരിച്ച സ്കൂട്ടർ. ഈ സമയം എതിർ ദിശയിൽ നിന്നും വന്ന ലോറി നിയന്ത്രണം വിട്ട് ആദ്യം ഒരു കാറിലും , പിന്നീട് ഇവർ സഞ്ചരിച്ച സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ ശൈലജ തൽക്ഷണം മരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉടൻ തന്നെ സുദർശനെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവിടെ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് ഭർത്താവും മരിച്ചത്. വിമുക്തഭടൻ ആയിരുന്നു സുദർശനൻ.
മക്കൾ – ശരത്ത് , സുധീഷ്
മരുമക്കൾ – അഞ്ജലി , നിമിഷ. വിദേശത്തായ മകൻ എത്തിയശേഷം മാത്രമാവും സംസ്കാരം നടക്കുകയെന്ന് ബന്ധുക്കൾ അറിയിച്ചു.