ഗാന്ധിനഗറിൽ നിന്നും
ജാഗ്രതാ ലേഖകൻ
സമയം – 12.15
കോട്ടയം: ഗാന്ധിനഗറിൽ മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കുള്ളിലെ എസ്.ബി.ഐയിൽ ബ്ലേഡുമായി യുവാവിന്റെ അക്രമം. അക്കൗണ്ടിൽ നിന്നും പണം ആവശ്യപ്പെട്ട് എത്തിയ യുവാവ് ബ്ലേഡുമായി ഭീഷണി മുഴക്കുകയായിരുന്നു. വനിതാ ജീവനക്കാരിയുടെ കഴുത്തിൽ കത്തി വച്ച യുവാവിനെ ബാങ്ക് ജീവനക്കാർ ചേർന്നാണ് കീഴ്പ്പെടുത്തിയത്. പ്രതിയായ യുവാവ് മൂലേടം സ്വദേശിയാണ് എന്നു സംശയിക്കുന്നു. പിടികൂടിയപ്പോൾ മലയാളത്തിൽ സംസാരിച്ച ഇയാൾ പിന്നീട് ഭാഷ ഹിന്ദിയിലേയ്ക്കു മാറ്റിയതായും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. പ്രതി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായി പൊലീസ് ഉദ്യോഗസ്ഥർ ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു. കെ.എ എബ്രഹാം എന്ന പേരെഴുതിയ സ്റ്റേപ്പാസും ഇയാളുടെ പോക്കറ്റിൽ നിന്നും ലഭിച്ചിട്ടുണ്ട്. മൂലവട്ടത്ത് വാടകയ്ക്കു താമസിക്കുന്ന ആളാണ് യുവാവെന്നാണ് ലഭിക്കുന്ന വിവരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചൊവ്വാഴ്ച രാവിലെ 11.30 ഓടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ എസ്.ബി.ഐയിലായിരുന്നു സംഭവം. യുവാവിന്റെ പിതാവ് ആശുപത്രിയിലെ ഐ.സി.യുവിൽ ചികിത്സയിൽ കഴിയുകയാണ്. ഇയാൾ ബാങ്കിലെത്തിയ ശേഷം എ.ടി.എം കാർഡ് നീട്ടിയ ശേഷം പണം ആവശ്യപ്പെട്ടു. എന്നാൽ, അക്കൗണ്ടിൽ 99 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാൾക്ക് അക്കൗണ്ടിൽ നിന്നും 3000 രൂപ വേണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ, ഇതിനു സാധിക്കില്ലെന്ന് ക്യാഷിലിരുന്ന ജീവനക്കാരി അറിയിച്ചു.
ഇതേ തുടർന്നു കയ്യിലിരുന്ന ബ്ലേഡ് എടുത്ത് ജീവനക്കാരിയുടെ കഴുത്തിന് യുവാവ് വയ്ക്കുകയായിരുന്നു. ഈ സമയം ഇവിടെ എത്തിയ ജീവനക്കാരിൽ ഒരാൾ യുവാവിന്റെ കയ്യിൽ കടന്നു പിടിച്ചു. ഇരുവരും തമ്മിലുണ്ടായ പിടിവലിയ്ക്കിടെ, യുവാവിന്റെയും ജീവനക്കാരന്റെയും ശരീരത്തിൽ പരിക്കേറ്റു. തിരുവല്ല പൊലീസിലെ ഒരു ഉദ്യോഗസ്ഥനും, ആംബുലൻസ് ഡ്രൈവർമാരും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.