കോട്ടയം : കോട്ടയം മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽനിന്ന് പുക ഉയർന്നതിനെത്തുടർന്ന് കെട്ടിടത്തിലെ അത്യാഹിത അലാറം മുഴങ്ങി. പാഞ്ഞെത്തിയ പോലീസിന്റെ നിർദ്ദേശപ്രകാരം നൂറ്റിനാൽപ്പതോളം ജീവനക്കാരെ മൂന്നു നിലകളിലെ ഓഫീസുകളിൽ നിന്നായി പടികളിലൂടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു.അഞ്ചുമിനിട്ടിനുള്ളിൽ അഗ്‌നിശമന സേനയുടെ 16 ജീവനക്കാർ ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ, ആംബുലൻസ്, രക്ഷാവാഹനങ്ങളിലായി സർവസന്നാഹത്തോടെയെത്തുന്നു. 3.15ന് തീ പൂർണമായി അണയ്ക്കുന്നു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച മോക്ഡ്രിലിന്റെ ഭാഗമായാണ് മിനി സിവിൽ സ്‌റ്റേഷൻ നാടകീയ രംഗങ്ങൾക്ക് വേദിയായത്.
സിവിൽ സ്‌റ്റേഷനിലെത്തിയ പൊതുജനങ്ങൾ ആദ്യം അൽപ്പമൊന്ന് ആശങ്കപ്പെട്ടെങ്കിലും മോക്ഡ്രിൽ ആണെന്നറിഞ്ഞതോടെ പൂർണമായി സഹകരിച്ചു. ജനറൽ ആശുപത്രിയിൽ നിന്ന് ആർ.എം.ഒ. ഡോ. അജിത്കുമാറിന്റെ നേതൃത്വത്തിൽ ഡോക്ടറും നഴ്സും നാല് ആരോഗ്യപ്രവർത്തകരുമടങ്ങുന്ന സംഘം ഐ.സി.യു. സംവിധാനമുള്ള ആംബുലൻസിൽ എത്തി. ‘ഗുരുതരമായി പൊള്ളലേറ്റ’ ഒരാളെ സി.പി.ആർ. നൽകി സ്ട്രെച്ചറിലെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു. ‘ബോധരഹിതരായ’ രണ്ടുപേർക്ക് ആരോഗ്യപ്രവർത്തകർ പ്രഥമ ശുശ്രൂഷ നൽകി വിട്ടയയ്ക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
3.12 ഓടെ കെട്ടിടത്തിലെ മുഴുവൻ ആളുകളേയും സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കുന്നു. 3.15 ന് അഗ്‌നിശമനസേന തീ പൂർണമായി അണച്ച് പിൻവാങ്ങുന്നു. ജനങ്ങളും ജീവനക്കാരും എല്ലാം നോക്കിക്കാണുന്നു.
ജനസാന്നിധ്യം കൂടുതലുള്ള സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ബഹുനില മന്ദിരത്തിൽ തീപിടുത്തമുണ്ടായാൽ എങ്ങനെ പ്രതികരിക്കണമെന്ന് സർക്കാർ ജീവനക്കാർക്ക് അവബോധം നൽകുന്നതിനായാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്.
ജില്ലാതല ഇൻസിഡന്റ് കമാൻഡറായ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജിനു പുന്നൂസ് മോക്ഡ്രിൽ പ്രവർത്തനങ്ങൾ നേരിൽകണ്ട് വിലയിരുത്തി.
സിവിൽ ഡിഫൻസ് ടീമിലെ 10 പേരും ആപ്തമിത്രയുടെ മൂന്നു വോളണ്ടിയർമാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
കോട്ടയം താലൂക്ക് ഓഫീസർ ലിറ്റിമോൾ തോമസിന്റെ നേതൃത്വത്തിൽ ഓൺസൈറ്റ് ഇൻസിഡന്റ് കമാൻഡറായി ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ അനൂപ് രവീന്ദ്രൻ രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം നടത്തി. അസിസ്റ്റന്റ്് സ്റ്റേഷൻ ഓഫീസർ പി.എൻ. അജിത്കുമാർ മൈക്കിലൂടെ ജീവനക്കാർക്ക് നിർദ്ദേശം നൽകി. തുടർന്ന് താലൂക്ക് ഓഫീസ് കെട്ടിടത്തിൽ സ്ഥാപിച്ചിരിക്കുന്ന ഫയർ എക്സ്റ്റിഗ്യൂഷർ ഉപകരണം പ്രവർത്തിപ്പിക്കുന്നത് ജീവനക്കാർക്ക് പരിചയപ്പെടുത്തി. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ട് മൂലമോ മറ്റ് സാഹചര്യങ്ങളിലോ ചെറിയ തീപിടുത്തം ഉണ്ടായാൽ 30 സെക്കന്റിനകം പ്രാഥമിക അഗ്‌നിശമന ഉപാധി പ്രവർത്തിപ്പിക്കേണ്ട ആവശ്യകത ജീവനക്കാരെ ബോധ്യപ്പെടുത്തി. തീപിടുത്ത ദുരന്തസാഹചര്യം പ്രതീകാത്മകമായി സൃഷ്ടിക്കാൻ കൃത്രിമ ഉപകരണത്തിലൂടെ പുകയുണ്ടാക്കുകയും പുറത്ത് തീയിടുകയുമായിരുന്നു. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ.പി. അനൂപ്കൃഷ്ണയും മൂന്നു എസ്.ഐ. മാരുമടക്കം 12 പേർ ഗതാഗത നിയന്ത്രണത്തിനും രക്ഷാപ്രവർത്തനത്തിനും മേൽനോട്ടം വഹിച്ചു. ഡെപ്യൂട്ടി തഹസിൽദാർ യു. രാജീവ്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഹസാർഡ് അനലിസ്റ്റ് അതുല്യ തോമസ്് എന്നിവർ പങ്കെടുത്തു.