വിശാഖപട്ടണം: വെടിക്കെട്ടുവീരന്മാരെ പിടിച്ചു കെട്ടി ഡൽഹിയുടെ തകർപ്പൻ ബൗളിംങ്. അഞ്ചു വിക്കറ്റുമായി തിളങ്ങിയ മിച്ചൽ സ്റ്റാർക്കാണ് ഇടിവെട്ട് ബാറ്റിംങ് താരങ്ങളായ ഹൈദരാബാദിനെ പിടിച്ചു കെട്ടിയത്. ഇരുനൂറും ഇരുനൂറ്റി അൻപതും ലക്ഷ്യമിട്ടിറങ്ങിയ ഹൈദരാബാദ് 18.3 ഓവറിൽ 163 ന് ഓൾ ഔട്ടായി. 16 ഓവറിൽ ഡൽഹി ലക്ഷ്യം കാണുകയും ചെയ്തു. മൂന്ന് വിക്കറ്റ് നഷ്ടമാക്കി 166 റൺ നേടിയ ഡൽഹ് ഏഴു വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്.
ടോസ് നേടിയ ഹൈദരാബാദ് ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. വെടിക്കെട്ട് ബാറ്റിംങ് തന്നെയായിരുന്നു ടീമിന്റെ ലക്ഷ്യവും. വൻ സ്‌കോർ പടുത്തുയർത്തി എതിരാളികളെ സമ്മർദത്തിലാക്കി രണ്ടാം വിജയമായിരുന്നു ഹൈദരാബാദ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, സ്‌കോർ 11 ൽ നിൽക്കെ അഭിഷേക് ശർമ്മയുടെ അപ്രതീക്ഷിത റണ്ണൗട്ടിൽ ഹൈദരാബാദ് എക്‌സ്പ്രസിന് പാളം തെറ്റി. നിഗത്തിന്റെ നേരിട്ടുള്ള ഏറിൽ അഭിഷേക് പുറത്താകുമ്പോൾ ഒരു റൺ മാത്രമാണ് അക്കൗണ്ടിലുണ്ടായിരുന്നത്. സ്‌കോർ 20 ൽ എത്തിയപ്പോൾ രണ്ടു റൺ മാത്രം അക്കൗണ്ടിലുണ്ടായിരുന്ന ഇഷാൻ കിഷനെ സ്റ്റബ്‌സിന്റെ കയ്യിലെത്തിച്ച് സ്റ്റാർക്ക് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഞ്ച് റൺ കൂടി ചേർത്തപ്പോഴേയ്ക്കും മറ്റൊരു വെടിക്കെട്ടുകാരൻ നിതീഷ് കുമാർ റെഡി (0) യും സ്റ്റാർക്കിന് ഇരയായി. അടിച്ചു കസറി മുന്നേറിയ ട്രാവിസ് ഹെഡിനെ വിക്കറ്റ് കീപ്പറുടെ കയ്യിൽ സ്റ്റാർക്ക് എത്തിക്കുമ്പോൾ ടീം സ്‌കോർ 37 മാത്രമായിരുന്നു. 12 പന്തിൽ 183 സ്‌ട്രൈക്ക് റേറ്റിൽ അടിച്ചു കയറിയ ഹെഡ് 22 റണ്ണാണ് ടീം സ്‌കോറിൽ ചേർത്തിരുന്നത്. 37 ന് നാല് എന്ന നിലയിൽ തകർന്ന ടീമിനെ റൺ റേറ്റ് താഴാതെ തന്നെ ക്ലാസണും അങ്കിത്തും ചേർന്ന് മുന്നോട്ട് കൊണ്ടു പോയി.
114 ൽ ക്ലാസണെ മോഹിത് ശർമ്മ വീഴ്ത്തിയതോടെ കളിയിൽ വീണ്ടും ഡൽഹി പിടിമുറുക്കി. 19 പന്തിൽ 32 റണ്ണെടുത്ത ക്ലാസനു പിന്നാലെ 119 ൽ അഭിനവ് മനോഹർ (4) കുൽദീപിന്റെ പന്തിൽ കറങ്ങി വീണു. 123 ൽ പാറ്റ് കമ്മിൻസും (2) കുൽദീപിനെ പ്രതിരോധിക്കാനാവാതെ കീഴടങ്ങി. അത് വരെ കളി നിയന്ത്രിച്ചിരുന്ന അങ്കിത് വർമ്മയെ കുൽദീപ് തന്നെ വീഴ്ത്തി. 41 പന്തിൽ ആറു സിക്‌സും അഞ്ചു ഫോറും പറത്തിയ അങ്കിൽ 74 റണ്ണെടുത്താണ് ടീമിന്റെ നെടുന്തൂണായത്.
പിന്നീട്, ഹർഷൽ പട്ടേലിനെയും (5), മൾട്ടറിനെയും (9) പറഞ്ഞയച്ച സ്റ്റാർക്ക് ഹൈദരാബാദിനെ എറിഞ്ഞൊതുക്കി. 3.4 ഓവറിൽ 35 റൺ വഴങ്ങിയാണ് സ്റ്റാർക്കിന്റെ അഞ്ചു വിക്കറ്റ് നേട്ടം. കുൽദീപ് യാദവ് മൂന്നും, മോഹിത് ശർമ്മ ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിംങ് ആരംഭിച്ച ഡൽഹി ആദ്യം പതിയെയാണ് തുടങ്ങിയത്. മക് ഗുർഗും (38) , ഫാഫ് ഡുപ്ലിസിയും (50) ചേർന്ന് പതിയെ തുടങ്ങി കത്തിക്കയറുകയായിരുന്നു. ആദ്യ വിക്കറ്റിൽ 81 റൺ ചേർത്തിട്ടാണ് സഖ്യം പിരിഞ്ഞത്. പുതുമുഖ താരം സീശൻ അൻസാരിയാണ് രണ്ടു വിക്കറ്റുകളും പിഴുതതത്. 81 ൽ ഡുപ്ലിസിയും, 96 ൽ മക്ഗുർഗും പോയെങ്കിലും വിജയത്തിന് അടുത്ത് ടീമിനെ എത്തിച്ചാണ് രണ്ടു പേരും വീണത്. പിന്നാലെ എത്തിയ രാഹുലും (15) അൻസാരിയ്ക്ക് വിക്കറ്റ് നൽകിയെങ്കിലും പുറത്താകാതെ നിന്ന സ്റ്റബ്‌സും (21) പോറലും (34) ചേർന്ന് ടീമിനെ വിജയത്തിലെത്തിച്ചു.