സമ്പൂർണ്ണ മാലിന്യ സംസ്കരണം ലക്ഷ്യം : പ്രകൃതി സൗഹൃദമായ നഗരം : കേന്ദ്ര സർക്കാരിൻറെ സഹായത്തോടെ മുഖച്ഛായ മാറ്റാൻ ഒരുങ്ങി കോട്ടയം : കോട്ടയം നഗരസഭാ ബജറ്റിലെ പദ്ധതികൾ ഇങ്ങനെ

കോട്ടയം: സമ്പൂര്‍ണ്ണ മാലിന്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യവെച്ചുള്ള പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കി കോട്ടയം നഗരസഭയുടെ 2022-2023 ബജറ്റ്. പരിസ്ഥിതിസൗഹൃദം എന്ന ലക്ഷ്യത്തിന് പ്രഥമപരിഗണന നല്‍കുന്നതിനൊപ്പം സ്ത്രീസൗഹൃദത്തിനും ബജറ്റില്‍ പ്രാധാന്യം നല്‍കി. സമ്പൂര്‍ണ മാലിന്യനിര്‍മ്മാജനത്തിനായി സര്‍ക്കാരിന്‍റെയും ശുചിത്വ മിഷന്‍റെയും സഹായം തേടുന്നതിനൊപ്പം കേന്ദ്ര ഗവണ്‍മെന്‍റ്​ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സാങ്കേതികവിദ്യ ഉപയോഗിച്ച് സമ്പൂര്‍ണ്ണ മാലിന്യസംസ്‌കരണത്തിനുള്ള പദ്ധതി നടപ്പാക്കും. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ പ്ലാസ്റ്റിക്കില്‍ നിന്നും ബയോഡീസല്‍ ഉല്പാദനം തുടങ്ങും. ശുചിത്വമേഖലയില്‍ ലോകബാങ്കില്‍ നിന്നും ലഭ്യമാകുന്ന ധനസഹായം ഉപയോഗിച്ച് ‘ക്ലീന്‍ കോട്ടയം ഗ്രീന്‍ കോട്ടയം’ പദ്ധതി നടപ്പിലാക്കും.

Advertisements

വീടുകളില്‍ നിന്നും മാലിന്യശേഖരണത്തിനായി യൂസര്‍ ഫീ ഈടാക്കി ഇ-ഓട്ടോ സംവിധാനം നടപ്പിലാക്കും. ഇതിനായി 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ്​ ആപ്പ് സംവിധാനത്തിനായി 50 ലക്ഷം രൂപ വകയിരിത്തിയിട്ടുണ്ട്. കൊതുക് നിവാരണ പദ്ധതിക്കായി അഞ്ച്​ ലക്ഷം. ഇരുമ്പ് നെറ്റുകള്‍ സ്ഥാപിക്കുന്നതിന് 20 ലക്ഷം രൂപ, ഓടകളില്‍ മലിനീകരണ പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിന് 30 ലക്ഷം, പോള വാരല്‍ യന്ത്രം വാങ്ങുന്നതിന് 30 ലക്ഷം, വീടുകളില്‍ ഇലക്ട്രിക് ഇന്‍സിനറേറ്ററുകള്‍ നല്‍കുന്നതിന് 20 ലക്ഷം രൂപ വകയിരുത്തി. കുടുംബശ്രീവഴി ഹോം നേഴ്‌സിംഗ് സേവനം ലഭ്യക്കുകവഴി സ്ത്രീ ശാക്തീകരണത്തിനും ബജറ്റ് ലക്ഷ്യംവെക്കുന്നുണ്ട്​. ഇ-സേവാ കേന്ദ്രം, കുടുംബശ്രീ അംഗങ്ങളെ ഉള്‍പ്പെടുത്തി സീസണല്‍ പഴവര്‍ഗങ്ങളുടെ ഫുഡ് പ്രോസസിങ്​ യൂനിറ്റുകള്‍ രൂപീകരിക്കും. എം.എല്‍ റോഡില്‍ വനിതാ ഷോപ്പിങ്​ മാള്‍ നിര്‍മ്മാണത്തിന് ഒരു കോടി രൂപ, ബ്രെസ്റ്റ് ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് 10 ലക്ഷം രൂപയും വകയിരുത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നഗരസഭയുടെ ഡിജിറ്റൈലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 70 ലക്ഷം രൂപ വകയിരിത്തിയിട്ടുണ്ട്. തിരുനക്കരയില്‍ നിര്‍മ്മിക്കുന്ന ശതാബ്ദി സ്മാരക മള്‍ട്ടിപ്ലക്സ് കം ബസ് ബേയുടെ ഡി.പി.ആര്‍ തയാറാക്കുന്നതിനായി 75 ലക്ഷം രൂപ വകയിരിത്തിയിട്ടുണ്ട്. സൗരോര്‍ജ പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിന് 15 ലക്ഷം രൂപ വകയിരിത്തി. മഴക്കാലത്ത് റോഡുകള്‍ തകര്‍ന്ന് രൂപപ്പെടുന്ന കുഴികള്‍ കോള്‍ഡ് മിക്സ് ഷെല്‍മാക് മിശ്രിതം ഉപയോഗിച്ച് സഞ്ചാരയോഗ്യമാക്കുന്നതിന് 30 ലക്ഷം രൂപ വകയിരുത്തി. നാഗമ്പടം നെഹ്‌റു സ്റ്റേഡിയം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാക്കുന്നതിനായി ഒരുകോടി രൂപ വായ്പയായി കണ്ടെത്തും.

വണ്‍ സ്റ്റേഷന്‍ വണ്‍ പ്രോഡക്ട് എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി റെയില്‍വേസ്റ്റഷനില്‍ സുഗന്ധദ്രവ്യങ്ങളുടെ വാണിജ്യശൃംഖല തുടങ്ങും. സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കും. തെരുവ് നായ്ക്കളെ തിരിച്ചറിയുന്നതിന് ജിയോടാഗിംഗിനായി 15 ലക്ഷം, വയസ്‌കര കുന്നില്‍ നഗരസഭ ഫ്ലാറ്റ് നിര്‍മ്മാണത്തിന്‍റെ ഡി.പി.ആര്‍ തയാറാക്കുന്നതിന് 10 ലക്ഷം, നാഗമ്പടത്ത് ബോട്ടുജെട്ടി നിര്‍മ്മിച്ച് മീനച്ചിലാറിലൂടെ ജലടൂറിസത്തിന് 12.50 ലക്ഷം, എലിപ്പുലിക്കാട്ടുകടവില്‍ സായാഹ്നവിശ്രമകേന്ദ്രവും തിരുവാതുക്കലില്‍ കുട്ടികള്‍ക്കായി മിനിപാര്‍ക്കും നിര്‍മ്മിക്കും.
വിവിധ വാര്‍ഡുകളിലെ കുടിവെള്ള പദ്ധതികള്‍ക്കായി മൂന്നുകോടി രൂപ, വാട്ടര്‍ കിയോസ്‌കുകള്‍ക്ക്​ 25 ലക്ഷം, മരുന്നുകള്‍ വാങ്ങിനല്‍കുന്ന പദ്ധതിക്ക് 66 ലക്ഷം, പ്രിമെട്രിക് ഹോസ്റ്റല്‍ ഒരുകോടി, പാടശേഖരങ്ങളില്‍ ഡീ വാട്ടറിംഗ് സൗകര്യം 30 ലക്ഷം, സി.എസ്.ആര്‍ ഫണ്ട് ലഭ്യമാക്കി തിരുനക്കര മൈതാനം, ശാസ്ത്രി റോഡ്, പ്രധാന ജങ്​ഷന്‍, വീഥികള്‍ എന്നിവ മോടിപ്പിടിക്കും.

ഭിന്നശേഷി ഭിന്നലിംഗക്കാര്‍ക്കായി ജെന്‍ഡര്‍ റിസോഴ്​സ് സെന്‍റര്‍, ടേക്ക് എ ബ്രേക്ക് പദ്ധതി, ചാര്‍ജിങ്​ സ്റ്റേഷനുകള്‍, ഫുട്പാത്ത് നവീകരണം തുടങ്ങിയവയും ബജറ്റിലൂടെ ലക്ഷ്യമിടുന്നു. 1611916395 രൂപ ആകെ വരവും 1445661882 രൂപ ആകെ ചിലവും 166254513 രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയര്‍മാന്‍ ബി.ഗോപകുമാര്‍ അവതരിപ്പിച്ചത്. നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബ്‌സ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.

Hot Topics

Related Articles