കോട്ടയം: നഗരസഭ ഭരണത്തിൽ നിർണ്ണായക സ്വാധീനമുണ്ടെന്ന അവകാശപ്പെടുന്ന സ്വതന്ത്ര്യ സ്ഥാനാർത്ഥി ബിൻസി സെബാസ്റ്റ്യൻ വൻ വെല്ലുവിളി. യു.ഡി.എഫിന്റെ പിൻതുണയോടെ ചെയർപേഴ്‌സണാകാൻ തയ്യാറെടുക്കുന്ന ബിൻസി സെബാസ്റ്റ്യന് വെല്ലുവിളിയുമായി രംഗത്ത് ഇറങ്ങുന്നത് കേരള കോൺഗ്രസാണ്. കേരള കോൺഗ്രസിന്റെ കൗൺസിലർ ലിസി കുര്യനെ ചെയർപേഴ്‌സണാക്കാൻ യു.ഡി.എഫ് തയ്യാറാകണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് ജോസഫ് വിഭാഗമാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് കേരള കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിനും, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയ്ക്കും, യു.ഡി.എഫ് കൺവീനർക്കും കത്തയക്കും. അടുത്ത ദിവസം തന്നെ കത്തയച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചന.
കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ കൗൺസിലർ ലിസി കുര്യന് വേണ്ടിയാണ് ഇപ്പോൾ ജോസഫ് വിഭാഗം രംഗത്ത് എത്തുന്നത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ഏക അംഗമാണ് ലിസി. കഴിഞ്ഞ തവണ കേരള കോൺഗ്രസിനു നഗരസഭയിൽ കാര്യമായ പരിഗണന നൽകിയില്ലെന്ന് നിയോജക മണ്ഡലം കമ്മിറ്റി ആരോപിക്കുന്നു. ഇത്തവണ നിർണ്ണായകമായ തിരഞ്ഞെടുപ്പായിട്ട് പോലും, ഒരു സീറ്റ് മാത്രം ഭൂരിപക്ഷമുണ്ടായിട്ടും ഒരു സീറ്റുള്ള കേരള കോൺഗ്രസിനെ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേയ്ക്കു പോലും പരിഗണിച്ചില്ല. ഇതിൽ കടുത്ത എതിർപ്പ് പ്രകടിപ്പിക്കുകയാണ് കേരള കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സാഹചര്യത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നൽകണമെന്ന് യു.ഡി.എഫിൽ ആവശ്യപ്പെടുമെന്നു കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഹൈപ്പവർ കമ്മിറ്റി അംഗം അഡ്വ.പ്രിൻസ് ലൂക്കോസ് ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു. തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനു തന്നെയാകും പിൻതുണ. എന്നാൽ, കേരള കോൺഗ്രസിന്റെ കൗൺസിലർക്ക് ചെയർപേഴ്‌സൺ സ്ഥാനത്തേയ്ക്ക് അവസരം നൽകണമെന്ന് യു.ഡി.എഫിനോട് ആവശ്യപ്പെടും. ഇതിനായി നിയോജക മണ്ഡലം പ്രസിഡന്റ് കുര്യൻ പി.കുര്യനെ യോഗം ചുമതലപ്പെടുത്തിയിട്ടുമുണ്ട്.