കോട്ടയം: റോഡരികിൽ കുന്നുകൂടിക്കിടക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളും കുഴിവെട്ടി മൂടുന്ന അഴുകിത്തുടങ്ങിയ മാലിന്യവും കണ്ടു മടുത്ത കോട്ടയത്തിന് പിഴ വിധിച്ച് ഗ്രീൻ ട്രൈബ്യൂണൽ. കൂടിക്കിടക്കുന്ന മാലിന്യങ്ങൾ വൃത്തിയായി സംസ്‌കരിക്കാൻ പഠിച്ചിട്ടില്ലാത്ത കോട്ടയം നഗരത്തിനും ഭരണാധികാരികൾക്കും 23 ലക്ഷം രൂപയാണ് ഗ്രീൻ ട്രൈബ്യൂണൽ പിഴയായി വിധിച്ചിരിക്കുന്നത്. മാലിന്യ സംസ്‌കരണത്തിൽ ഗുരുതര വീഴ്ച വരുത്തിയ കോട്ടയം നഗരസഭ 23 ലക്ഷം രൂപ പിഴയായി അടയ്ക്കണമെന്നാണ് ഇപ്പോൾ ഗ്രീൻ ട്രൈബ്യൂണൽ വിധിച്ചിരിക്കുന്നത്.
മാലിന്യ സംസ്‌കരണം സംബന്ധിച്ചു നഗരസഭകൾക്കു നൽകിയ മാർഗനിർദേശം പാലിക്കാത്തതിന്റെ പേരിലാണ് കോട്ടയം നഗരസഭയ്ക്ക് ഇപ്പോൾ ഗ്രീൻ ട്രൈബ്യൂണൽ പിഴ ചുമത്തിയിരിക്കുന്നത്. പ്രതിദിനം നഗരസഭ പ്രദേശത്ത് 15 ടണ്ണിലേറെ മാലിന്യം ഉണ്ടാകുന്നതായാണ് കണക്ക്. ഈ മാലിന്യം തള്ളുന്നത് വൃത്തിയായി നീക്കം ചെയ്യാൻ നഗരസഭയ്ക്ക് സാധിച്ചിട്ടില്ല. എന്തിന് നഗരസഭ പരിധിയിൽ ഒരു മാലിന്യ സംസ്‌കരണ പ്ലാന്റ് പോലും കൃത്യമായി പ്രവർത്തിക്കുന്നില്ലാത്ത സാഹചര്യമാണ്. ഈ സാഹചര്യത്തിലാണ് നഗരസഭ അധികൃതർ ഇപ്പോൾ മാലിന്യ സംസ്‌കരണത്തിൽ വീഴ്ചവരുത്തിയതായി ഗ്രീൻ ട്രൈബ്യൂണൽ കണ്ടെത്തിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നഗരത്തിലെ മാലിന്യങ്ങൾ ഇപ്പോൾ എവിടെയെങ്കിലും കൂട്ടിയിടുന്നതാണ് സംസ്‌കരണ രീതി. ശാസ്ത്രീയമായ സംസ്‌കരണ മാർഗങ്ങളെല്ലാം നഗരസഭ അധികൃതരോട് വിവിധ ഏജൻസികൾ നിർദേശിച്ചെങ്കിലും ഇതുവരെയും ഇത് നടപ്പാക്കാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പിഴയിൽ നിന്നും ഒഴിവാകാൻ നഗരസഭയ്ക്ക് സാധിക്കില്ല. കോട്ടയം നാഗമ്പടത്തെ മൈതാനവും, ലോറി താവളവും കോടിമത പച്ചക്കറിമാർക്കറ്റിന് മുൻവശത്തെ പാടവും എല്ലാം ഇപ്പോൾ മാലിന്യങ്ങൾ തള്ളുന്നതിനുള്ള വേദിയാക്കി നഗരസഭ മാറ്റിയിരിക്കുകയാണ്.
നേരത്തെ മാലിന്യങ്ങൾ ശേഖരിച്ച് സംസ്‌കരിക്കുന്നതിനും, വടവാതൂർ ഡമ്പിങ് യാർഡിൽ തള്ളുന്നതിനുമായി ഉപയോഗിച്ചിരുന്ന കോടികൾ വില വരുന്ന വാഹനങ്ങൾ ഇപ്പോൾ കഞ്ഞിക്കുഴിയിലെ മാർക്കറ്റിനുള്ളിൽ കിടന്ന് തുരുമ്പെടുത്തു നശിക്കുകയാണ്. ഈ സാഹചര്യത്തിൽ കടുത്ത പ്രതിസന്ധിയാണ് നഗരത്തിലെ മാലിന്യ സംസ്‌കരണം സൃഷ്ടിച്ചിരിക്കുന്നത്. ഇത് മനസിലാക്കാതെ കള്ളക്കളികളുമായി നഗരസഭ അധികൃതരും നിൽക്കുന്നു. 23 ലക്ഷം രൂപ ഗ്രീൻ ട്രൈബ്യൂണലിൽ പിഴ അടയ്ക്കാൻ നാട്ടുകാരിൽ നിന്നു തന്നെ നഗരസഭയ്ക്ക് പിഴിയേണ്ടി വരും.