കോട്ടയം: നഗരമധ്യത്തിൽ മുട്ടമ്പലത്ത് ട്രെയിനിടിച്ച് മരിച്ച കോടിമത കെ.ടി.എം ഡ്യൂക്ക് മാനേജരുടെ മരണത്തിൽ ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ബാക്കി. പള്ളിക്കത്തോട് മുകളേൽ ആനിക്കാട് വെസ്റ്റ് മുകളേൽ ത്രയീശം ഹരികൃഷ്ണനാണ് (37) മുട്ടമ്പലം റെയിൽവേ ഗേറ്റിന് സമീപം ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. സംഭവ സമയത്ത് ഹരികൃഷ്ണൻ ഫോൺ ചെയ്തുകൊണ്ടാണ് ട്രെയിനടിയിലേയ്ക്കു നടന്നു കയറിയത്. സംഭവം നടക്കുമ്പോൾ ഹരികൃഷ്ണൻ ഭാര്യയെയാണ് ഫോൺ ചെയ്തതെന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരങ്ങൾ. എന്നാൽ, ഫോണിലുണ്ടായിരുന്നത് സ്ത്രീയാണെന്ന സൂചന ലഭിച്ചെങ്കിലും ഭാര്യയാണോ എന്ന് ഉറപ്പിച്ചു പറയാൻ പൊലീസിനും സാധിക്കുന്നില്ല.
അവസാന കോൾ ലിസ്റ്റ് അടക്കമുള്ള കാര്യങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. എന്നാൽ, മരണം സംബന്ധിച്ച് മറ്റ് ആരോപണങ്ങളില്ലാത്തതിനാൽ അന്വേഷണം ആവശ്യമുണ്ടോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്. ആത്മഹത്യാക്കുറിപ്പോ, മറ്റൊന്നുമോ കണ്ടെത്താത്തിനാൽ ഹരികൃഷ്ണന്റെ മരണത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. ഈ സാഹചര്യത്തിൽ അവസാന ഫോൺ വിളിയുടെ ദുരൂഹത നീക്കണമെന്ന നിലപാടാണ് നാട്ടുകാർ സ്വീകരിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുട്ടമ്പലം റെയിൽവേ ഗേറ്റിൽ കാർ നിർത്തിയ ശേഷം, ട്രെയിൻ വരും വരെ കാത്തു നിന്ന ശേഷം ഹരികൃഷ്ണൻ ട്രെയിന് അടുത്തേയ്ക്കു നടക്കുകയായിരുന്നു. ട്രെയിനിന്റെ അഞ്ചാം നമ്പർ ബോഗിയ്ക്ക് അടിയിലേയ്ക്കു ഹരി ചാടുകയായിരുന്നുവെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. പരേതനായ പത്മനാഭൻ നായരാണ് പിതാവ്. ലക്ഷ്മിയാണ് ഹരിയുടെ ഭാര്യ. രണ്ട് മക്കൾ.