കോട്ടയം നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ സർക്കാർ സ്ഥലം കയ്യേറി മറുവാടക്ക് നൽകുന്നതായി പരാതി ; നഗരസഭ അധികൃതർ നടപടി സ്വീകരിക്കുന്നില്ല എന്ന് ആരോപണം

കോട്ടയം : നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻ്റ് പരിസരത്ത് വിവിധയിടങ്ങളിലായി പൊതു ഇടങ്ങൾ കൈക്കലാക്കി മറുവാടകക്ക് കൊടുക്കുന്ന മാഫിയ വിലസുന്നതായി പരാതി. നാട്ടുകാരും, സ്ഥാപന ഉടമകളുമാണ് ആരോപണവുമായി രംഗത്ത് എത്തിയത്. ഇതിന് ചില രാഷ്ട്രീയ കക്ഷികളുടെ മൗനാനുവാദവും ഒത്താശയും ഉള്ളതായും നാഗമ്പടത്തെ കടയുടമകൾ ആരോപിക്കുന്നു. ആദ്യഘട്ടം ചെറിയ മേശയിട്ട് സ്ഥലം കയ്യേറി ചെറിയ കച്ചവടം പരീക്ഷിക്കുന്ന മാഫിയാ അംഗങ്ങൾ പിന്നീട് ഈ കച്ചവടം കാണിച്ച് മറുവാടകക്കാരനെ കണ്ടെത്തി വാടക നിശ്ചയിച്ച് ഡിപ്പോസിറ്റ് തുകയും കൈക്കലാക്കുന്നതായാണ് ഇവരുടെ ആരോപണം. ചിലർ എഗ്രിമെൻ്റടക്കം എഴുതിവാങ്ങിയ ശേഷം അവിടെ വലിപ്പമുള്ള തട്ടുകൾ സ്ഥാപിച്ച് വിപുലമാക്കും.

Advertisements

കടവിപുലമാക്കുമ്പോൾ സമീപത്തെ അംഗീകൃത വ്യാപാരികൾക്ക് കച്ചവടം കുറയുകയും അവരുടെ ഉപജീവനം അപകടത്തിലാവുകയും ചെയ്യുന്ന സാഹചര്യമുണ്ടെന്നും വ്യാപാരികൾ പറയുന്നു. തട്ടുകൾ സ്ഥാപിക്കുമ്പോൾ കാൽ നടയാത്രക്കാർക്കും ബസുകൾക്കും സ്വതന്ത്രമായ സഞ്ചാരം സാധ്യമാകാത്ത സാഹചര്യമാണ്. എന്നാൽ നഗരസഭ അധികൃതർ വിഷയത്തെ ഗൗരവമായി കാണുന്നില്ല എന്ന ആക്ഷേപമുണ്ട്.
അധികാരികൾ വിഷയത്തെ ഗൗരവമായി കാണാത്തതിനാൽ നിരപരാധികളുടെ സഞ്ചാര സ്വാതന്ത്ര്യവും ചെറുകിട വ്യാപാര മേഖലയും തകരാറിലാകുമെന്ന ആശങ്കയിലാണ് നാഗമ്പടത്തെ അംഗീകൃത വ്യാപാരികൾ.

Hot Topics

Related Articles