കടുത്തുരുത്തി : ജോലിക്കിടെ അക്രമിയുടെ കുത്തേറ്റു മരിച്ച ഡോ.വന്ദന ദാസിന്റെ സ്മരണയ്ക്കായി മാതാപിതാക്കൾ കടുത്തുരുത്തി മധുരവേലിയിൽ ആരംഭിച്ച ആശുപത്രിയുടെ ഉദ്ഘാടനം സഹകരണ തുറമുഖ ദേവസ്വം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.ഡോക്ടർ വന്ദനദാസിന്റെ ആഗ്രഹപ്രകാരം മാതാപിതാക്കളായ കെ ജി മോഹൻദാസ്, വസന്തകുമാരി മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിലാണ് ഹോസ്പിറ്റൽ നിർമ്മിച്ചത്. സമൂഹത്തിൽ സാധാരണക്കാർക്കും പാവപ്പെട്ടവർക്കും നല്ല ചികിത്സ ലഭിക്കുക എന്നതായിരുന്നു ഡോക്ടർ വന്ദനയുടെ സ്വപ്നം. ഈ സ്വപ്നം സഫരീകരിക്കുന്നതിനായി വന്ദനയുടെ മാതാവിന്റെ തറവാട് വീടായ ആലപ്പുഴ ഹരിപ്പാട് തൃക്കുന്നപ്പുഴ വാലേകടവിൽ പല്ലനയാറിന്റെ തീരത്ത് 2024 ഒക്ടോബർ 10ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡോക്ടർ വന്ദനാ ദാസ് മെമ്മോറിയൽ ക്ലിനിക് ഉദ്ഘാടനം ചെയ്തിരുന്നു.
ഏക മകൾ നഷ്ടപ്പെട്ട മാതാപിതാക്കൾ വന്ദനയുടെ ആഗ്രഹങ്ങൾ സഫലമാക്കുന്നതിന് വേണ്ടിയാണ് ആതുര സ്ഥാപനങ്ങൾ നിർമിക്കുന്നത്. കുറഞ്ഞ നിരക്കിൽ മെച്ചപ്പെട്ട സേവനം വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തുകയാണ് ഇതുവഴി ലക്ഷ്യം. അഡ്വ. മോൻസ് ജോസഫ് എംഎൽഎ സമ്മേളനത്തിൽ അധ്യക്ഷനായിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ പ്രിയ എൻ ഫാർമസിയുടെയും, ഐ എം എ ജില്ലാ ചെയർമാൻ ഡോക്ടർ രഞ്ജിൻ ആർ. പി ഡി ഡി ആർ സി ഉദ്ഘാടനവും നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് എൻ ബി സ്മിത, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.വി സുനിൽ, മെമ്പർമ്മാരായ സുകുമാരി ആയിഷ, സി എൻ മനോഹരൻ, മാഞ്ഞൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് സുനു ജോർജ്, അഡ്വക്കേറ്റ് ഫിറോഷ് മാവുങ്കൽ, പി ജി ഷാജിമോൻ എന്നിവർ പ്രസംഗിച്ചു.ഡോ വന്ദന ദാസിന്റെ പിതാവ് കെ ജി മോഹൻദാസ്, മാതാവ് വസന്തകുമാരി, കുടുംബാംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.