പെർത്ത്: ഇന്ത്യയെ എറിഞ്ഞൊതുക്കിയപ്പോൾ നീയൊന്നും ഓർത്തിലേടാ ഇപ്പുറത്തും എറിയാൻ ആളുണ്ടെന്ന്…! ഇന്ത്യയെ 150 ന് എറിഞ്ഞൊതുക്കിയ ഓസീസിനെ തിരിച്ചെറിഞ്ഞ് ഇന്ത്യൻ ബൗളർമാർ. ബുംറയുടെ നേതൃത്വത്തിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ ഇതിനോടകം ഓസ്ട്രേലിയയ്ക്ക് എഴു വിക്കറ്റുകൾ നഷ്ടമായി. ഇതോടെ ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് ആവേശകമരമായി. സ്കോർ – ഇന്ത്യ – 150, ഓസ്ട്രേലിയ – 67/7
ടോസ് നേടിയ ഇന്ത്യ ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. പന്ത് (37) നിതീഷ് കുമാർ റെഡി (41) എന്നിവർ നടത്തിയ ചെറുത്തു നിൽപ്പാണ് ഇന്ത്യയെ 150 ൽ എത്തിച്ചത്. ഓസീസിനു വേണ്ടി ഹേസൽ വുഡ് നാലും, സ്റ്റാർക്കും കമ്മിൻസും, മാർഷും രണ്ട് വീതം വിക്കറ്റും വീഴ്ത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങ് ആരംഭിച്ച ഓസ്ട്രേലയ്ക്ക് തിരിച്ചടി നൽകാൻ സാക്ഷാൽ ബുംറയ്ക്ക് രണ്ടാം ഓവറിന്റെ മൂന്നാം പന്ത് മതിയായിരുന്നു. സ്കോർ 14 ൽ നിൽക്കെ നഥാൻ മക്സേനി (10) ബുംറയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്തേയ്ക്ക്. അഞ്ച് റൺ കൂടി സ്കോർ ബോർഡിൽ കയറിയപ്പോൾ സഹ ഓപ്പണർ ഖവാജ (8) കൂടി മടങ്ങി. ഇക്കുറി ബുംറയുടെ പന്തിൽ ക്യാച്ച് കോഹ്ലിയ്ക്ക്. തൊട്ടു പിന്നാലെ വിക്കറ്റ് വീഴുമെന്ന് ഇന്ത്യ പ്രതീക്ഷിച്ച നിമിഷം. ബുംറയുടെ പന്തിൽ ലെബുഷൈന്റെ ക്യാച്ച് കോഹ്ലി താഴെയിട്ടു. എന്നാൽ, ഖവാജ പോയ അതേ സ്കോറിൽ തന്നെ ബുംറ സ്മിത്തിനെ വിക്കറ്റിന് മുന്നിൽ കുടുക്കി. ഒരു പന്ത് മാത്രം നേരിട്ട സ്മിത്ത് പൂജ്യത്തിന് പുറത്തായത്. ബുംറയ്ക്ക് ഹാട്രിക് നിഷേധിച്ച് ഹെഡ് ക്രീസിൽ നിലയുറപ്പിച്ചു.
ഹെഡും (11), ലെബുഷൈനും (2) ക്രീസിൽ നങ്കൂരമിട്ട് നിന്നതോടെ ഇന്ത്യ പതറി. പുതുമുഖ താരം ഹർഷിത് റാണയുടെ പന്ത് ഹെഡിന്റെ സ്റ്റമ്പ് തെറുപ്പിച്ചതോടെ ഇന്ത്യയ്ക്ക് ആശ്വാസം. 31 റണ്ണാണ് ഓസീസിന്റെ നാലാം വിക്കറ്റ് വീഴുമ്പോൾ സ്കോർബോർഡിലുണ്ടായിരുന്നത്. 38 ൽ അഞ്ചാം വിക്കറ്റായി മിച്ചൽ മാർഷും (6) വീണു. സിറാജിന്റെ ആദ്യ വിക്കറ്റിനായി സ്ളിപ്പിൽ ഗംഭീര ക്യാച്ച് എടുത്തത് രാഹുലായിരുന്നു. പ്രതിരോധിച്ച് കളിച്ച് 52 പന്തിൽ രണ്ട് റൺ മാത്രം എടുത്ത് നങ്കൂരമിട്ട ലബുഷൈനെ സിറാജ് വീഴ്ത്തി. വിക്കറ്റിനു മുന്നിൽ കുടുങ്ങിയ ലബുഷൈൻ പോയതോടെ ഇന്ത്യയ്്ക്കും, റണ്ണെടുക്കും മുൻപ് ക്യാച്ച് വിട്ട കോഹ്ലിയ്ക്കും ആശ്വാസം.
59 ൽ പാറ്റ് കമ്മിൻസിനെ പന്തിന്റെ കയ്യിൽ എത്തിച്ച ബുംറയുടെ പന്ത് ഇന്ത്യയ്ക്ക് കൂടുതൽ പ്രതീക്ഷ നൽകി. ശേഷിക്കുന്ന മൂന്ന് വിക്കറ്റുകൾ നാളെ രാവിലെ തന്നെ പിഴുതെടുത്ത് അതിവേഗം കളി കയ്യിലാക്കാൻ ടീം ഇന്ത്യ ശ്രമിക്കുന്നത്. പത്ത് ഓവറിൽ എറിഞ്ഞ ബുംറ 17 റൺ മാത്രം വഴങ്ങിയാണ് നാല് വിക്കറ്റ് വീഴ്ത്തിയത്. ഒൻപത് ഓവറിൽ 17 റൺ വഴങ്ങി സിറാജ് രണ്ടും, എട്ട് ഓവറിൽ 33 റൺ വഴങ്ങി റാണ ഒരു വിക്കറ്റും വീഴ്ത്തി.