കോട്ടയം : കോട്ടയം നഗരത്തിൽ വീടിനുള്ളിൽ നൃത്താധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി. മാങ്ങാനം സ്വദേശിയായ ഡാൻസ് മാസ്റ്റർ മധുവിനെയാണ് ശാസ്ത്രീ റോഡിൽ ബേക്കർ ഹില്ലിലുള്ള വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുള്ളതായി പോലീസ് പറഞ്ഞു. മരണ കാരണം വ്യക്തമല്ല.
8 വർഷമായി മധു ഈ വാടക വീട്ടിലായിരുന്നു താമസം. രണ്ട് ദിവസമായി അനക്കമൊന്നും കാണാതെ വന്നതോടെ അയൽവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതിൽ തുറന്ന് നോക്കുമ്പോഴാണ് മധുവിനെ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം തറയിൽ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു. കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുവരികയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടം ചെയ്തതിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകു.