കോട്ടയം: ആർ.ടി ഓഫിസിന്റെ മുഖ മുദ്ര തന്നെ മാറ്റി മറിക്കുന്ന തീരുമാനത്തിലേയ്ക്ക് ആർ.ടി.ഒ അധികൃതർ എത്തുന്നു. കോട്ടയം നഗരത്തിലെ ഡ്രൈവിംങ് ടെസ്റ്റിന്റെ കേന്ദ്രം, ചെങ്ങളത്തേയ്ക്കു മാറ്റുന്നു. സ്വന്തമായി ഡ്രൈവിംങ് മൈതാനമില്ലാത്ത മോട്ടോർ വാഹന വകുപ്പിന് പുതിയ പ്രതീക്ഷയാണ് ഇപ്പോൾ ലഭിക്കുന്നത്. ദീർഘകാലത്തേയ്ക്ക് ഡ്രൈവിംങ് ടെസ്റ്റിന് അവസരം ഒരുക്കുന്ന രീതിയിലാണ് ഇപ്പോൾ ചെങ്ങളത്തുകാവ് ക്ഷേത്രത്തിന്റെ മൈാതാനം വിട്ടു നൽകിയിരിക്കുന്നത്.
കഴിഞ്ഞ നാലു വർഷത്തോളമായി കുമാരനല്ലൂർ നാഗരാജാ ക്ഷേത്രത്തിനു മുന്നിലെ മൈതാനമാണ് ഡ്രൈവിംങ് ടെസ്റ്റിനുള്ള മൈതാനമായി ഉപയോഗിച്ചിരുന്നത്. എന്നാൽ, മൂന്നു ദിവസം മുൻപാണ് ചെങ്ങളം ദേവീക്ഷേത്രത്തിനു മുന്നിലെ മൈതാനം ഡ്രൈവിംങ് ടെസ്റ്റിനായി ഉപയോഗിക്കുന്നതിനായി തീരുമാനമായത്. ദേവസ്വം ബോർഡിന്റെ ക്ഷേത്രമാണ് ചെങ്ങളത്തു കാവ്. ഈ ക്ഷേത്രത്തിനു മുന്നിലെ മൈതാനത്താണ് ഡ്രൈവിംങ് ടെസ്റ്റ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, ഈ മൈതാനം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ ചെളിയിൽ പുതഞ്ഞ് കിടക്കുകയാണ്. അതുകൊണ്ടു തന്നെ ഇവിടെ ഡ്രൈവിങ് ടെസ്റ്റിനെത്തുന്ന ഉദ്യോഗസ്ഥരും, ഉദ്യോഗാർത്ഥികളും ചെളിയിൽ പുതഞ്ഞ് വേണം ടെസ്റ്റിനായി തയ്യാറാകാൻ. ഈ ചെളിയില്ലാതാക്കാൻ വഴിയൊരുക്കിയാൽ ഏറെ മനോഹരമാകും ഈ പ്രദേശം. ഇത് കൂടാതെ ഡ്രൈവിംങ് ടെസ്റ്റിനു ശേഷമുള്ള റോഡ് ടെസ്റ്റിനും പറ്റിയ പ്രദേശമാണ് ഇവിടം. കാര്യമായ തിരക്കില്ലാതെ കിടക്കുന്ന റോഡും, കോട്ടയം കുമരകം റോഡും റോഡ് ടെസ്റ്റിനു പറ്റിയ സ്ഥലമാണ്. ഈ സാഹചര്യത്തിൽ റോഡ് ടെസ്റ്റ് നടത്താൻ അനുയോജ്യമാണ് ഈ സ്ഥലം എന്ന് അധികൃതർ ഓർമ്മപ്പെടുത്തുന്നു.
എന്നാൽ, സംസ്ഥാനത്തെ മിക്ക ആർ.ടി ഓഫിസുകളും ആധുനിക നിലവാരത്തിലേയ്ക്കു മാറിയിട്ടും, കോട്ടയം ആർ.ടി ഓഫിസ് മാത്രം ഇതിന് അപവാദമായി ഇപ്പോഴും തുടരുകയാണ്. സ്വന്തമായി ഡ്രൈവിംങ് മൈതാനം പോലുമില്ലാതെ ഇപ്പോഴും കോട്ടയം ആർ.ടി. ഓഫിസ് ഓരോ വർഷവും സ്ഥലം മാറി ഓടി നടക്കുകയാണ്. ഈ സാഹചര്യത്തിൽ കോട്ടയം ആർ.ടി ഓഫിസിന് അടിയന്തരമായി ഡ്രൈവിംങ് ടെസ്റ്റ് മൈതാനം, ആധുനിക നിലവാരത്തോടെ അനുവദിക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.