കോട്ടയം: നഗരമധ്യത്തിൽ ഗുഡ്‌ഷെപ്പേർഡ് റോഡിലെ തെക്കനാട്ട് ലോഡ്ജിലെ മുറിയിൽ നിന്നും 1.83 ലക്ഷം രൂപ മോഷണം പോയതായി പരാതി. ഫ്‌ളവർഷോ നടത്തിപ്പുകാരുടെ മുറിയിൽ നിന്നാണ് പണം മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് തെക്കനാട്ട് ലോഡ്ജിലെ ജീവനക്കാരനായ മാവേലിക്കര എണ്ണക്കാട് ഭാഗത്ത് രംഗം വീട്ടിൽ മാധവൻപിള്ള മകൻ ശ്യാം നായരെ പൊലീസ് സംശയിക്കുന്നു. ലോഡ്ജിലെ ജീവനക്കാരനായ ശ്യാമിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളുടെ ചിത്രവും കോട്ടയം ഈസ്റ്റ് പൊലീസ് പുറത്തു വിട്ടു. ഇയാൾ നൽകിയ വിലാസം വ്യാജമാണെന്ന് കണ്ടെത്തിയ പൊലീസ് , പ്രതിയെ തിരിച്ചറിയുന്നതിനായാണ് ചിത്രം പുറത്ത് വിട്ടത്.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയം നാഗമ്പടത്തെ ഫ്ളവർ ഷോ നടത്തിപ്പുകാരാണ് പരാതിക്കാർ. ഫ്ളവർ ഷോയുടെ സ്റ്റാളുകളിൽ നിന്നുള്ള വാടക എല്ലാ ദിവസവും വൈകിട്ട് നടത്തിപ്പുകാർ പിരിച്ചിരുന്നു. ഈ തുക ലോഡ്ജിലെ മുറിയിലാണ് സൂക്ഷിച്ചിരുന്നത്. ലോഡ്ജിന്റെ ഉടമയുടെ ഉടമസ്ഥതയിലുള്ള കെ.ആന്റ് പി പെയിന്റ് കടയുടെ ഒരു സ്റ്റാൾ ഫ്‌ളവർ ഷോയിലുണ്ടായിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന ശ്യാം ഈ സ്റ്റാളിൽ ജോലി ചെയ്തിരുന്നു. ഫ്ളവർ ഷോ നടത്തിപ്പുകാർ ദിവസവും ലഭിക്കുന്ന തുക ലോഡ്ജിലെ മുറിയിൽ സൂക്ഷിക്കുന്നതായി ശ്യാമിന് അറിയാമായിരുന്നു. മുറി വൃത്തിയാക്കുന്നതിനായി ശ്യാമിനെ താക്കോൽ ഏൽപ്പിച്ചിരുന്നതുമാണ്. ഇതിനിടെയാണ് പണവും ശ്യാമിനെയും കാണാതായതെന്നാണ് പരാതി. തുടർന്നു ഫ്ളവർ ഷോ നടത്തിപ്പുകാർ കോട്ടയം ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിനും, ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ റെജോ പി.ജോസഫിനും പരാതി നൽകുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജിലെ ജീവനക്കാരനായ ശ്യാമിനെ കാണാനില്ലെന്നു കണ്ടെത്തിയത്. മുൻപ് ഇയാൾ നിരവധി ക്രിമിനൽക്കേസിൽ പ്രതിയാണെന്നും, ഇയാളെ തിരക്കി പൊലീസ് മുൻപും ഇവിടെ എത്തിയിട്ടുണ്ടെന്നും കണ്ടെത്തി. ഇയാളുടെ പാസ്‌പോർട്ടാണ് ലോഡ്ജിൽ നൽകിയിരുന്നത്. ഈ പാസ്‌പോർട്ടിൽ നിന്നാണ് പ്രതിയുടെ വിലാസം എന്നു സംശയിക്കുന്ന വിവരങ്ങൾ അടക്കം പൊലീസിനു ലഭിച്ചത്. തുടർന്ന്, ഇയാൾക്കായി അന്വേഷണം ആരംഭിക്കുകയായിരുന്നു. ഈ പാസ്പോർട്ടിൽ ഇയാൾ നൽകിയ വിലാസം തെറ്റാണെന്നും കണ്ടെത്തി. ലോഡ്ജിൽ നിന്നും കോട്ടയത്തെ ഫ്ളവർ ഷോ സ്റ്റാളിൽ നിന്നുമാണ് പ്രതിയുടെ ചിത്രങ്ങൾ പൊലീസിന് ലഭിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
പ്രതിയെ കുറിച്ച് വിവരങ്ങൾ അറിയുന്നവർ കോട്ടയം ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ 9447965264, എസ്.ഐ കോട്ടയം ഈസ്റ്റ് 9497980326 എന്നീ നമ്പരുകളിൽ അറിയിക്കണമെന്നു പൊലീസ് അറിയിച്ചു.