കോട്ടയം : കണ്ണു തുറന്നു നിന്ന കോട്ടയത്തെ സിസിടിവി ക്യാമറകൾക്കൊപ്പം കണ്ണുചിമ്മാതെ വെസ്റ്റ് പൊലീസും നിലയുറപ്പിച്ചതോടെ നഗരമധ്യത്തിൽ നിന്നും ബൈക്ക് മോഷ്ടിച്ച യുവാവ് മണിക്കൂറുകൾക്കകം പിടിയിലായി. ഞായറാഴ്ച കോട്ടയം അഭിലാഷ് തിയേറ്ററിനു മുന്നിൽനിന്നും ബൈക്ക് മോഷ്ടിച്ച് കടന്ന പ്രതിയെയാണ് മണിക്കൂറുകൾക്കകം പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലം കൊട്ടാരക്കര വെളിനല്ലൂർ വട്ടപ്പാറ ജുമാ മസ്ജിദിനു സമീപം അൽഫിയാ മനസിൽ വീട്ടിൽ അൽത്താഫ് റാവുത്തറി (22) നെയാണ് കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ആർ.പി അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
മാർച്ച് ആറ് ഞായറാഴ്ച കോട്ടയം നഗരമധ്യത്തിൽ അഭിലാഷ് തീയറ്റർ സമീപമായിരുന്നു ബൈക്ക് മോഷണം. തീയറ്ററിൽ സിനിമ കാണാൻ എത്തിയ മാത്യുവിന്റെ ബൈക്ക് ആണ് ഇവിടെ നിന്ന് മോഷണം പോയത്. സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് ബൈക്ക് മോഷണം പോയ വിവരം മാത്യു അറിയുന്നത്. ഉടൻ തന്നെ ഇയാൾ കോട്ടയം വെസ്റ്റ് പൊലീസിന് പരാതി നൽകുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരാതി ലഭിച്ചതിനു പിന്നാലെ കോട്ടയം വെസ്റ്റ് പൊലീസ് നഗരത്തിലെ പൊലീസ് കൺട്രോൾ റൂമിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. തുടർന്ന് ഈ ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വാഹനം പോയ ദിശ തിരിച്ചറിഞ്ഞ പൊലീസ് കൊല്ലം ജില്ലാ പൊലീസിന് സന്ദേശം കൈമാറി. വാഹനത്തിൻറെ നമ്പറും നിറവും പ്രത്യേകതകളും അടക്കമാണ് പൊലീസ് സന്ദേശം കൊല്ലത്തിന് കൈമാറിയത്.
സംസ്ഥാനത്തെ ഒട്ടുമിക്ക പൊലീസ് സ്റ്റേഷനുകളിലേക്കും ഈ വാഹനത്തിന്റെ നമ്പർ സഹിതം സന്ദേശം കൈമാറിയിരുന്നു. തുടർന്ന് കൊല്ലം കൊട്ടിയം പൊലീസ് മോഷ്ടാവിനെ പിടികൂടി കോട്ടയം വെസ്റ്റ് പൊലീസിന് കൈമാറി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കോട്ടയം ഡിവൈ.എസ്.പി ജെ. സന്തോഷ്കുമാറിന്റെ നിർദേശാനുസരണം കോട്ടയം വെസ്റ്റ് ഇൻസ്‌പെക്ടർ എസ്.എച്ച്. ഒ ആർ.പി അനൂപ് കൃഷ്ണ, പ്രിൻസിപ്പൽ എസ്.ഐ ടി ശ്രീജിത്ത് , പോലീസ് ഉദോഗസ്ഥരായ ജയകുമാർ, വിഷ്ണു വിജയദാസ്, ഷെജിമോൻ, വിജേഷ്, മഞ്ജുള എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.