കറക്കി വീഴ്ത്താൻ കഴിഞ്ഞില്ല ; മാന്ത്രികൻ പരാജയമറിഞ്ഞത് ദൈവത്തിന് മുന്നിൽ മാത്രം ; ഏറ്റുമുട്ടലുകളിൽ എന്നും തോൽവികൾ ; ഒടുവിൽ അപ്രതീക്ഷിത വിയോഗത്തിലൂടെ സച്ചിനെ തോൽപ്പിച്ച വോൺ

സ്‌പോർട്‌സ് ഡെസ്‌ക്

Advertisements

കരിയിലകൾ നിറഞ്ഞ റബ്ബർ തോട്ടങ്ങളിൽ പിച്ചിൽ മുഴച്ചു നിൽക്കുന്ന വേരിൽ ബോധപൂർവ്വം പന്തെറിഞ്ഞ് ലഭിക്കുന്ന അസാമാന്യ ടേണിൽ അഹങ്കരിച്ച എത്രയെത്ര ബാല്യങ്ങൾ കേരളത്തിന്റെ നാട്ടിൻ പുറങ്ങളിലുണ്ടായിട്ടുണ്ട്. ബാറ്റേന്തി നിൽക്കുന്നയാളെ കബളിപ്പിക്കുവാൻ പന്തിന്റെ ഗതി അനായാസം തിരിച്ചു വിടുവാൻ മലയാളിയുടെ ക്രിക്കറ്റ് ബോധത്തെ ഉണർത്തിയത് ഓസീസിന്റെ ആ സ്വർണ തലമുടിക്കാരൻ തന്നെയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓസീസ് നിരയിൽ അയാൾ എവിടെ നിന്നാകും ആ മായാജാല വിദ്യ പഠിച്ചിട്ടുണ്ടാവുക. തന്റെ ഇഷ്ടം അറിഞ്ഞ് സഞ്ചരിക്കുവാൻ കാഠിന്യമേറിയ തുക്കമുള്ള ആ പന്തിനെ എങ്ങനെയാകും അയാൾ പരുവപ്പെടുത്തി എടുത്തിരിക്കുക. ഒന്നുറപ്പാണ് അയാൾ സ്പിൻ മാന്ത്രികൻ തന്നെയാണ്. ഒരു പക്ഷേ ഈ മാന്ത്രികയിൽ മതിമറന്ന് ക്രിക്കറ്റിലെ ആ ജീവനില്ലാത്ത കോർക്ക് പന്തുകൾ പോലും അയാളെ പ്രണയിച്ചിരുന്നിരിക്കാം. അത് കൊണ്ട് തന്നെയാകും ബാറ്റർമാരെ കബളിപ്പിച്ച് തിരിയുവാൻ വോണിന് അവർ കൂട്ട് നിന്നത്.

ബാറ്ററുടെ ഗുഡ് ലെങ്ത് ഏരിയയിൽ പിച്ച് ചെയ്‌തെത്തുന്ന പന്തുകൾ ടേൺ ചെയ്ത ബെയിൽസ് തെറിപ്പിക്കുമ്പോൾ ആശങ്ക നിറഞ്ഞ മുഖവുമായി പലരും ഗാലറിയിലേക്ക് തിരികെ നടന്നിട്ടുണ്ട്. പന്തിനെ എങ്ങനെയാകും അയാൾ അത്തരത്തിൽ മയക്കി തിരിച്ചു വിടുന്നത് പലരും ഒളിഞ്ഞും തെളിഞ്ഞും ആവർത്തിക്കുന്ന ചോദ്യം. വൈഡെന്ന് കരുതിയ പന്തുകളിൽ വിക്കറ്റ് നഷ്ടപ്പെടുത്തി നിസംഗതരായവർ ക്രിക്കറ്റ് ലോകത്ത് അനവദിയുണ്ട്. വോണിന്റെ മാന്ത്രിക വിരലുകളെ പേടിച്ചിരുന്നവർ, ബോളിൽ ബാറ്റ് വയ്ക്കുവാൻ പേടിച്ച് പലപ്പോഴും പാഡ് കൊണ്ട് പ്രതിരോധിക്കാൻ ശ്രമിച്ചവർ. ഇതിഹാസങ്ങൾ പലരും ലിസ്റ്റിൽ ഇടം പിടിക്കുമ്പോഴും ഒരാൾ മാത്രം അയാൾക്ക് കിട്ടാക്കനിയായി. ദൈവത്തെ വിളിച്ച് മറ്റൊരു ദൈവത്തിന് നേരെ പന്തെറിഞ്ഞ വോണിന് പക്ഷേ അധീശത്വം നേടാൻ കഴിഞ്ഞില്ല. കുത്തിത്തിരിയാൻ പോലും അനുവദിക്കാതെ പന്തുകൾ പലപ്പോഴും അതിർത്തി വര താണ്ടി. ഇതിൽ കൂടുതൽ എങ്ങനെയാകും ഒരു ഇതിഹാസ സ്പിൻ ബൗളർ അപമാനിതനായിട്ടുണ്ടാവുക. ഓസീസ് കളരിയിൽ പഠിച്ച് ലോകത്ത് തന്നെ പലരിലും വിജയിച്ച ആ മാന്ത്രികത തോറ്റ് പോയത് ദൈവത്തിന് മുന്നിൽ മാത്രം. പ്രിയ വോൺ ദൈവത്തെ എങ്ങനെയാണ് നിങ്ങൾക്ക് കബളിപ്പിക്കുവാൻ കഴിയുക ? പന്തുകളെ ജഡ്ജ് ചെയ്തും ചെയ്യാതെയും തലങ്ങും വിലങ്ങും വോണിനെ അടിച്ചു പറത്തിയ സച്ചിൻ വോൺ പോരാട്ട കഥ . വാക്കുകൾക്കതീതമായ വികാരമാണ്.

വോണും സച്ചിനും ഇതിഹാസങ്ങൾ കവിത രചിച്ച കളിക്കളത്തിലെ ധന്യ മുഹൂർത്തങ്ങൾ അനവദിയുണ്ട്. പകരം വയ്ക്കാനില്ലാത്ത കാഴ്ചകളുടെ ഓർമ്മകൾ മാത്രം സമ്മാനിച്ച് ഒടുവിൽ സ്പിൻ മാന്ത്രികൻ ക്രിക്കറ്റ് ലോകത്തോട് വിട പറഞ്ഞു. നേരെത്തെയായി പോയി എന്ന് വിലപിച്ച് ഉറ്റ സുഹൃത്ത് കൂടിയായ സച്ചിൻ ദുഃഖം പ്രകടിപ്പിക്കുമ്പോൾ ശരിക്കും തോറ്റ് പോയത് സച്ചിൻ തന്നെയാകും. കളിക്കളത്തിൽ ആധിപത്യം പുലർത്തി വിജയം നേടിയ സച്ചിൻ ഒരു പക്ഷേ പ്രിയ സുഹൃത്തിന്റെ അപ്രതീക്ഷിത വേർപാടിൽ തോൽവിയുടെ കയ്പ്പു നീർ രുചിക്കുകയാകാം.

അവിശ്വസനീയതയുടെ കൈമുദ്ര ചാർത്തിയ പന്തുകളുമായി ക്രിക്കറ്റിലെ എക്കാലത്തെയും ഇതിഹാസങ്ങളിലൊന്നായി മാറുമ്പോഴും കളത്തിനു പുറത്ത് ഷെയ്ൻ വോൺ ഏറ്റവും കൂടുതൽ നേരിട്ടിട്ടുള്ളൊരു ചോദ്യം ഒരു പരാജയത്തെക്കുറിച്ചാകും. ഇന്ത്യയുടെ ബാറ്റിങ് ജീനിയസ് സച്ചിൻ തെൻഡുൽക്കറാണ് ആ മാന്ത്രിക കരിയറിലെ ‘വില്ലൻ സാന്നിധ്യം’. ബാറ്റിങ് ക്രീസിലെ ദൈവവും ബോളിങ് എൻഡിലെ മാന്ത്രികനും തമ്മിലുള്ള ഏറ്റുമുട്ടലിൽ ദൈവത്തിനായിരുന്നു എന്നും വിജയമെന്നു സമ്മതിക്കുന്ന ആദ്യത്തെയാളും ഷെയ്ൻ വോൺ തന്നെയാകും. രാജ്യാന്തര കരിയറിൽ 29 തവണ പരസ്പരം ഏറ്റുമുട്ടിയതിൽ നാലു തവണ മാത്രമാണു വോണിനു സച്ചിന്റെ വിക്കറ്റ് നേടാനായത്. ലോകം കണ്ട പല മികച്ച ബാറ്റർമാരെയും കറക്കി വീഴ്ത്തുമ്പോഴും സച്ചിന് മുന്നിൽ സ്വയം കറങ്ങി വീഴാനായിരുന്നു വോണിന്റെ വിധി.

സച്ചിൻവോൺ പോരാട്ടമെന്നു ലോകം വിളിച്ച ടെസ്റ്റ് പരമ്പര. മാർക്ക് ടെയ്ലറുടെ ഓസ്‌ട്രേലിയൻ ടീമിന്റെ ഇന്ത്യൻ പര്യടനം. ചെന്നൈയിലെ സ്പിന്നിങ് ട്രാക്കിൽ വോണിനായിരുന്നു ആദ്യജയം. ഒന്നാം ഇന്നിങ്‌സിൽ വെറും നാലു റൺസിനാണു സച്ചിനെ വോൺ വീഴ്ത്തിയത്. രണ്ടാമൂഴത്തിലും വോണിന്റെ വിരലുകളിലായിരുന്നു ലോകത്തിന്റെ കണ്ണുകൾ.പക്ഷേ, പ്രതിരോധിക്കാനല്ല, ആക്രമിക്കാനായിരുന്നു സച്ചിന്റെ തീരുമാനം. കുലീനമാർന്ന സ്വീപ് ഷോട്ടുകളും ചാരുതയാർന്ന പുൾ ഷോട്ടുകളുമായി സച്ചിൻ വോണിന്റെ പന്തുകളെ ബൗണ്ടറി കടത്തുന്ന കാഴ്ച അവിശ്വസനീയതയോടെയാണ് ഓസീസ് താരങ്ങൾ കണ്ടുനിന്നത്. ഒടുവിൽ 191 പന്തുകളിൽ പുറത്താകാതെ 155 റൺസുമായി സച്ചിൻ ടീം ഇന്ത്യയുടെ വിജയം ഉറപ്പിച്ച ടോട്ടലും കുറിച്ചാണു ക്രീസ് വിട്ടത്.

ദിവസങ്ങൾക്കപ്പുറം ഏകദിന ക്രിക്കറ്റും സാക്ഷിയായി സച്ചിനും വോണും തമ്മിലുള്ള കൊമ്പുകോർക്കലിന്. ഷാർജയിലെ ചുട്ടുപൊള്ളിക്കുന്ന അന്തരീക്ഷത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ വമ്പൻ വിജയലക്ഷ്യം സച്ചിൻ ഒറ്റയ്ക്കു വേട്ടയാടിപ്പിടിക്കുന്നതിന്റെ ക്രീസിലേക്കാണ് അന്നു ഷെയ്ൻ വോൺ വന്നിറങ്ങിയത്. അപ്രതീക്ഷിതമായി വിരുന്നുവന്ന മണൽക്കാറ്റ് മാറിനിന്ന ക്രീസിൽ സച്ചിന്റെ ബാറ്റിൽ നിന്നു പിറന്നത് ഏകദിന ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഇന്നിങ്‌സുകളിലൊന്നാണ്. 143 പന്തിൽ 143 റൺസിന്റെ ഇതിഹാസ ഇന്നിങ്‌സ് കളിച്ചു സച്ചിൻ മടങ്ങുമ്പോൾ നിസ്സഹായനായിരുന്നു ഓസീസിന്റെ സ്പിൻ വജ്രായുധം. അതിന്റെ ആഘാതം മാറും മുൻപേ സച്ചിൻ തനിയാവർത്തനവുമായി അവതരിച്ചു.

കലാശപ്പോരാട്ടത്തിന്റെ സമ്മർദച്ചൂടിൽ ഓസ്‌ട്രേലിയ ഉയർത്തിയ 273 റൺസ് ഇന്ത്യയ്ക്ക് എത്തിപ്പിടിക്കാനാവില്ല എന്നാണ് കമന്റേറ്റർമാർ പറഞ്ഞുവച്ചത്. പക്ഷേ, സച്ചിൻ ആ ലക്ഷ്യത്തിലേക്കും ബാറ്റ് വച്ചു. വീണ്ടും ബാറ്റിങ് ഇന്ദ്രജാലം. വീണ്ടും ശതകം.

സച്ചിന്റെ ലോഫ്റ്റഡ് ഷോട്ടുകൾക്കൊപ്പം തന്നെ ഇന്നും ആരാധകർ ഓർക്കുന്നുണ്ടാകും അടിയേറ്റു വാടിത്തളർന്ന, നിരാശനായ വോണിന്റെ മുഖം. സച്ചിന്റെ ആ ഇന്നിങ്‌സുകളുടെ ഏറ്റവും വലിയ പ്രചാരകനും മറ്റാരുമായിരുന്നില്ല, വോൺ തന്നെ. ഇന്ത്യൻ താരത്തിന്റെ മികവിനെ പ്രശംസിക്കുന്നതിൽ വോൺ തെല്ലും പിശുക്കു കാട്ടിയില്ല. ‘മഹാനായ എതിരാളി’ സച്ചിനു വോൺ നൽകിയ ഈ വിശേഷണം മാത്രം മതിയാകും സ്‌പോർട്‌സ്മാൻ സ്പിരിറ്റിന്റെ വലുപ്പമറിയാൻ.

1997-98ലെ ഓസ്ട്രേലിയൻ ടീമിന്റെ ഇന്ത്യൻ പര്യടനത്തിലായിരുന്നു സച്ചിൻ ടെണ്ടുൽക്കർ- ഷെയ്ൻ വോൺ പോരിന്റെ തുടക്കമെന്നു പറയേണ്ടിവരും. പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇരുവരും മുഖാമുഖം വന്നപ്പോൾ സച്ചിനായിരുന്നു മികച്ചുനിന്നത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 257 റൺസിനു പുറത്തായി. മറുപടിയിൽ ഓസീസ് നന്നായി തുടങ്ങിയെങ്കിലും 71 റൺസിന്റെ ഒന്നാമിന്നിങ്സ് ലീഡാണ് നേടാനായത്.

രണ്ടാമിന്നിങ്സിൽ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. നാലു വിക്കറ്റിനു 418 റൺസെടുത്ത് ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു. സച്ചിൻ 155 റൺസോടെ ഇന്ത്യയുടെ അമരക്കാരനായി മാറി.വോണിന്റെ മാജിക്കിൽ ബൗളിങിനു മുന്നിൽ ഇന്ത്യയുടെ മറ്റു ബാറ്റർമാർ വിഷമിച്ചപ്പോൾ ഒരു കൂസലുമില്ലാതെയാണ് സച്ചിൻ നേരിട്ടത്. വോണിന്റെ ഗൂഗ്ലികളെ അദ്ദേഹം വളരെ അനായാസം അതിർത്തിയിലേക്കു പായിക്കുന്നത് സുന്ദരമായ കാഴ്ചയായിരുന്നു. അന്നാണ് വോണിനു മേലുള്ള സച്ചിന്റെ ആധിപത്യം ലോകം ആദ്യമായി ശ്രദ്ധിക്കുന്നത്.

ഷെയ്ൻ വോണെന്ന മാന്ത്രികൻ കളിക്കളത്തിൽ പന്ത് കൊണ്ടു ഇന്ദ്രജാലം തീർത്ത് ലോകത്തെ മുഴുവൻ തന്റെ കാൽക്കീഴിലാക്കുന്നതാണ് പിന്നീട് കണ്ടത്. പക്ഷെ സച്ചിൻ ടെണ്ടുൽക്കറെന്ന കുറിയ മനുഷ്യനെ വീഴ്ത്താനുള്ള ആയുധങ്ങൾ അപ്പോഴും വോണിന്റെ പക്കലില്ലായിരുന്നു. തന്റെ അടവുകളെല്ലാം വോൺ സച്ചിനെതിരേ പ്രയോഗിച്ചെങ്കിലും അദ്ദേഹത്തിനു ഒരു കൂസലുമില്ലായിരുന്നു. ഇതോടെ ലോകത്തിന്റെ മുഴുവൻ പേടിസ്വപ്നമായിരുന്ന വോണിന്റെ പേടിസ്വപ്നമായി സച്ചിൻ മാറുകയും ചെയ്തു. ടെസ്റ്റിൽ മാത്രമല്ല ഏകദിനത്തിലും വോണിനു മേൽ സച്ചിനായിരുന്നു മാസ്റ്റർ. അദ്ദേഹത്തിനെതിരേ 100 എന്ന മികച്ച സ്ട്രൈക്ക് റേറ്റും മാസ്റ്റർ ബ്ലാസ്റ്റർക്കുണ്ടായിരുന്നു.

Hot Topics

Related Articles