കൊട്ടിയൂർ: കണ്ണൂരിലെ കൊട്ടിയൂരില്‍ നിന്ന് വയനാട്ടിലേക്ക് ചുരമില്ലാ പാതയെന്ന പ്രതീക്ഷ മങ്ങി. അമ്ബായത്തോട് നിന്നുളള ബദല്‍ പാത പരിഗണനയില്‍ ഇല്ലെന്ന് സർക്കാർ വ്യക്തമാക്കിയതോടെയാണിത്. വനഭൂമി വിട്ടുകിട്ടാത്തതാണ് പദ്ധതിക്ക് തിരിച്ചടിയായത്. കണ്ണൂരില്‍ നിന്ന് കൊട്ടിയൂർ വഴി വയനാട്ടിലേക്ക് കടക്കാനുളളത് പാല്‍ച്ചുരം പാതയാണ്. എല്ലാ മഴക്കാലത്തും ഇവിടെ മണ്ണിടിയും. അഞ്ച് ഹെയർപിൻ വളവുകളുളള എട്ട് കിലോമീറ്റർ പാതയില്‍ ജീവൻ പണയംവെച്ച് വേണം യാത്ര ചെയ്യാൻ. കണ്ണൂരിലെ അമ്ബായത്തോട് മുതല്‍ വയനാട്ടിലെ ബോയ്സ്ടൗണ്‍ വരെ കയറിയെത്താനുളള പെടാപ്പാടാണ് ബദല്‍ പാതയ്ക്കായുളള മുറവിളിയിലെത്തിയത്. ഇതിനൊടുവിലാണ് വഴി കണ്ടത്.
നിബിഡ വനത്തിലൂടെ കടന്നുപോകുന്നതാണ് തുടർ നടപടികള്‍ക്ക് തടസ്സം. പ്രതീക്ഷയ്ക്ക് മങ്ങലേറ്റെങ്കിലും സമ്മർദം തുടരാനാണ് നാട്ടുകാരുടെ തീരുമാനം. അമ്ബായത്തോട് നിന്ന് വനത്തിലൂടെ ചുരമില്ലാതെ എട്ട് കിലോമീറ്റർ കടന്നാല്‍ വയനാട്ടിലെ തലപ്പുഴ നാല്‍പ്പത്തിനാലാം മൈലിലെത്താം. പഴയ കൂപ്പ് റോഡാണ് ഇത്. സാധ്യതാ പഠനം വരെ നടന്ന പാതയാണ് പരിഗണനയില്‍ ഇല്ലെന്ന് ഇപ്പോള്‍ പൊതുമരാമത്ത് മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത്. 2010ല്‍ കണ്ണൂർ വിമാനത്താവളത്തിലേക്ക് വയനാട്ടില്‍ നിന്നുളള ഉചിത പാതയായി കണ്ടത് ഈ റോഡാണ്. പതിനാല് കോടിയുടെ എസ്റ്റിമേറ്റും തയ്യാറാക്കിയിരുന്നു.