കോഴിക്കോട്: ചായക്കടയിലെ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് പിടികൂടി. അക്രമി സംഘത്തിലെ ഒരാളുടെ ഭാര്യയുടെ മൊബൈല്‍ ഫോണിലേക്ക് ഇയാള്‍ അശ്ലീല സന്ദേശം അയച്ചു എന്നാരോപിച്ചാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ വെള്ളിപറമ്ബ് സ്വദേശികളായ സജിനീഷ് (43), അഭിനീഷ് (41), ജെറിന്‍ (35), ജിതിന്‍ (34), സുബിലേഷ് (36) എന്നിവരെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
കുന്നമംഗലം ബസ് സ്റ്റാന്‍ഡിന് സമീപത്തെ ചായക്കടയിലെ ജീവനക്കാരനാണ് യുവാവ്. കാറിലെത്തിയ സംഘം യുവാവിനെ വാഹനത്തില്‍ പിടിച്ചുകയറ്റി ഇവിടെ നിന്നും കടന്നുകളയുകയായിരുന്നു. യുവാവ് ബഹളം വെക്കുന്നത് ശ്രദ്ധിച്ച നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. അന്വേഷണത്തില്‍ കാര്‍ ചേവായൂര്‍ ഭാഗത്തേക്ക് പോയതായി വിവരം ലഭിച്ചു. തുടര്‍ന്ന് ചേവായൂര്‍ ഇന്‍സ്‌പെക്ടറും സംഘവും നടത്തിയ അന്വേഷണത്തില്‍ വാഹനം സഹിതം ഇവരെ പിടികൂടുകയായിരുന്നു. ഇരുമ്ബ് വടികൊണ്ടുള്ള അടിയേറ്റ് കൈക്ക് പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.