കോഴിക്കോട്: കോഴിക്കോട് മാവൂരില്‍ രണ്ട് കടകളില്‍ മോഷണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. മലപ്പുറം ഒടയോല പള്ളിക്കല്‍ ബസാർ സ്വദേശി പ്രണവ് ആണ് മാവൂർ പൊലീസിന്റെ പിടിയിലായത്. ഇയാള്‍ കൊടിയത്തൂർ പന്നിക്കോടിന് സമീപം കവിലടയില്‍ വാടകക്ക് താമസിക്കുകയാണ്. കഴിഞ്ഞ എട്ടാം തീയതിയാണ് മോഷണം നടന്നത്.
മാവൂർ ബസ് സ്റ്റാൻഡിന് മുൻവശത്തെ പാരീസ് ലേഡീസ് ടൈലർ ഷോപ്പിലും തൊട്ടടുത്തെ പി എം ആർ വെജിറ്റബിള്സിലുമാണ് മോഷണം നടന്നത്. രണ്ട് കടകളില്‍ നിന്നായി 65,000 രൂപയോളം നഷ്ടപ്പെട്ടിരുന്നു. മോഷണം നടത്തിയ ആളുടെ സിസിടിവി ദൃശ്യങ്ങള്‍ അന്നുതന്നെ വ്യക്തതയോടെ പുറത്തുവന്നിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ മോഷണം നടന്ന കടകളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. സമാനമായ രീതിയില്‍ കഴിഞ്ഞ ദിവസം മാവൂർ ഭാഗത്ത് നടന്ന മോഷണ പരമ്പരയിലെ പ്രതിയെയും പൊലീസ് ഇന്നലെ പിടികൂടിയിരുന്നു.