കോഴിക്കോട്: വടകരയില്‍ കാറപകടത്തില്‍ പരിക്കേറ്റ് കോമയിലായ 9 വയസ്സുകാരിയുടെ ദുരിതത്തില്‍ ഇടപെട്ട് ഹൈക്കോടതി. പൊലീസ് വീഴ്ചയില്‍ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടിയന്തര റിപ്പോർട്ട് തേടി. ഇടിച്ച കാർ കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കുട്ടിക്ക് നിയമ സഹായം നല്‍കുമെന്ന് ലീഗല്‍ സർവീസസ് അതോറിറ്റിയും വ്യക്തമാക്കി.
വടകര ചോറോട് ദേശീയപാതയില്‍ മുത്തശ്ശിയുടെ ജീവനെടുക്കുകയും ഒൻപത് വയസുകാരിയായ കൊച്ചുമകളുടെ ജീവിതം കോമയിലാക്കുകയും ചെയ്ത വാഹനാപകടം നടന്നിട്ട് ആറു മാസം പിന്നിട്ടിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ മകളുടെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്ഥിര താമസമാക്കേണ്ടി വന്ന പാവപ്പെട്ട കുടുംബത്തിന് അപകട ഇന്‍ഷുറന്‍സ് പോലും കിട്ടാത്ത സ്ഥിതിയാണ്. സിസിടിവി പോലുള്ള നിരവധി നിരീക്ഷണ സംവിധാനങ്ങള്‍ ഉണ്ടായിട്ടാണ് ദേശീയപാതയില്‍ നടന്ന അപകടത്തിന്റെ തെളിവുകള്‍ പൊലീസിന് ലഭിക്കാത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ വര്‍ഷം ഫെബ്രുവരി 17 ന് വടകര ചോറോട് രാത്രി 10 മണിയോടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് കണ്ണൂര്‍ മേലേ ചൊവ്വ സ്വദേശി ഒമ്പതുവയസുകാരിയായ ദൃഷാനയെയും മുത്തശ്ശി 68 കാരി ബേബിയെയും തലശ്ശേരി ഭാഗത്തേക്ക് അമിത വേഗതയില്‍ പോവുകയായിരുന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചത്. ബേബി തല്‍ക്ഷണം മരിച്ചു. മുണ്ടയാട് എല്‍പി സ്കൂളില്‍ അഞ്ചാം തരം വിദ്യാര്‍ത്ഥിനിയായ ദൃഷാനയ്ക്ക് ഗുരുതര പരിക്കേറ്റു. ആറു മാസമായി കോമ അവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടരുകയാണ് കുഞ്ഞ്.
ദേശീയപാതയിലൂടെ കടന്നു പോയ വെള്ള നിറത്തിലുള്ള കാറാണ് സിസി ടിവി ഉള്‍പ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങള്‍ ഉണ്ടായിട്ടും വടകര ലോക്കല്‍ പൊലീസിന് ഇതുവരെ കണ്ടെത്താന്‍ കഴിയാത്തത്. നാലു മാസം മുമ്പ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടും തുമ്പുണ്ടാക്കാനായില്ല. വാഹനം കണ്ടെത്തിയില്ലെങ്കില്‍ അപകട ഇന്‍ഷുറന്‍സ് പോലും പാവപ്പെട്ട ഈ കുടുംബത്തിന് ലഭിക്കില്ല. കാർ കണ്ടെത്താൻ അന്വേഷണം നടക്കുന്നു എന്ന് മാത്രമാണ് പൊലീസ് വിശദീകരണം. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്, അന്വേഷണസംഘവുമായി സംസാരിക്കുമെന്നും കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും എത്തിക്കുമെന്നും ഷാഫി പറമ്പില്‍ എംപി അറിയിച്ചു.