കോഴിക്കോട്: തെറ്റായ ദിശയില്‍ അമിതവേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ വര്‍ക്‌ഷോപ്പിലേക്ക് ഇടിച്ചുകയറിയതിനെ തുടര്‍ന്ന് മൂന്ന് ബൈക്കുകള്‍ തകര്‍ന്നു. ഒരു ഇന്നോവ കാറിനും നാശനഷ്ടങ്ങള്‍ ഉണ്ടായി. കോഴിക്കോട് പൂവാട്ട്പറമ്ബില്‍ ഇന്ന് രാവിലെയാണ് അപടം നടന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
മാവൂര്‍-കോഴിക്കോട് റോഡില്‍ പൂവാട്ട്പറമ്ബിലെ വളവില്‍ വച്ചാണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ഹ്യുണ്ടേ ഐ ട്വന്റി കാര്‍ തെറ്റായ ദിശയിലാണ് സഞ്ചരിച്ചിരുന്നത്.
അമിത വേഗതയില്‍ വരുന്നതിനിടെ എതിരെ വന്ന ഇലക്‌ട്രിക് ഓട്ടോയില്‍ ഇടിക്കാതിരിക്കാനായി പെട്ടെന്ന് വെട്ടിച്ചപ്പോള്‍ നിയന്ത്രണം നഷ്ടമായി സമീപത്തെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വര്‍ക്‌ഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്. ഈ സമയത്ത് ജീവനക്കാര്‍ എല്ലാവരും ഉള്‍വശത്ത് ആയതിനാല്‍ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് ഇതേ സ്ഥലത്ത് തന്നെ കാര്‍ ഇടിച്ചുകയറി നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. അന്ന് 13 സ്‌കൂട്ടറുകളും രണ്ട് കാറുകളുമാണ് തകര്‍ന്നത്.