മാഡ്രിഡ്: കോപ ഡെൽറെ എൽക്ലാസികോ ഫൈനലിന് ഒരുദിവസം ബാക്കിനിൽക്കെ മത്സരം നിയന്ത്രിക്കാനായി നിയോഗിച്ച റഫറിക്കെതിരെ രംഗത്തെത്തി റയൽ മാഡ്രിഡ്. റയലിനെതിരെ പരസ്യപ്രതികരണം നടത്തിയ റഫറിയെ മാറ്റാതെ മത്സരത്തിനിറങ്ങാൻ ഒരുക്കമല്ലെന്ന കടുത്ത നിലപാടാണ് ക്ലബ് എടുത്തത്. ഫൈനലിനായി നിശ്ചയിച്ച റഫറി റിക്കാർഡോ ബർഗോസ് തനിക്കെതിരെ റയല്‍മാഡ്രിഡ് ടിവിയില്‍ വന്ന വീഡിയോക്കെതിരെയാണ് പ്രതികരിച്ചത്. മത്സരത്തിന് മുൻപായി നടത്തിയ പ്രതികരണമാണ് ലോസ് ബ്ലാങ്കോസിനെ ചൊടിപ്പിച്ചത്. അതേസമയം, റഫറിയെ മാറ്റില്ലെന്ന നിലപാടിലാണ് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷൻ.
പ്രതിഷേധ സൂചകമായി മത്സരത്തിന് മുൻപായുള്ള പ്രസ്മീറ്റ് റദ്ദാക്കിയ റയല്‍ പരിശീലന സെഷനില്‍ നിന്നും വിട്ടുനിന്നു. ഔദ്യോഗിക വാർത്താകുറിപ്പിലൂടെയാണ് റഫറിക്കെതിരായ നിലപാട് റയല്‍ പരസ്യമാക്കിയത്. പ്രതിഷേധം തുടരുകയാണെങ്കില്‍ ഫൈനല്‍ മാറ്റിവെച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.