കണ്ണൂര്‍: പെരിയ ഇരട്ടക്കൊലകേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം അഞ്ച് പ്രാദേശിക നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്തു. വിണു സുര, ശാസ്ത മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ്, സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ രാജു എന്നിവരാണ് അസ്റ്റിലായത്. ഇവരെ നാളെ എറണാകുളം സിബിഐ കോടതിയില്‍ ഹാജരാക്കും. വിവിധ വാഹനങ്ങളിലെത്തിയ കൊലയാളി സംഘം ഇരുവരും യാത്ര ചെയ്തിരുന്ന ബൈക്ക് തടഞ്ഞുനിര്‍ത്തിയ ശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയത്.സിപിഎം ഏരിയ, ലോക്കല്‍ സെക്രട്ടറിമാരും പാര്‍ട്ടി പ്രവര്‍ത്തകരുമടക്കം 14 പേരാണ് കേസിലെ പ്രതികള്‍. പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനാണ് ഒന്നാം പ്രതി.
കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഹൈക്കോടതി ശരിവെച്ചിരുന്നു. സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. കേസില്‍ നാല് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സിബിഐയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. പതിനൊന്നാം പ്രതി പ്രദീപിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഓഗസ്റ്റില്‍ ഉത്തരവിട്ടത്. രണ്ട് വര്‍ഷമായി പ്രതികള്‍ ജയിലില്‍ കഴിയുന്ന സാഹചര്യത്തിലാണ് കേസ് അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കോടതി ആവശ്യപ്പെട്ടത്. 2019 ഫെബ്രുവരി 17 നാണ് കാസര്‍ഗോഡ് പെരിയ കല്യാട് സ്വദേശികളായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്.