തൃശൂര്‍: ഉപഭോക്തൃകോടതി വിധി പ്രകാരം അര്‍ഹതപ്പെട്ട വിള ഇന്‍ഷുറന്‍സ് തുകയും നഷ്ടപരിഹാരവും നല്‍കാതിരുന്നതിനെ തുടര്‍ന്ന് കൃഷി ഓഫീസര്‍മാര്‍ക്ക് വാറണ്ട് പുറപ്പെടുവിച്ച കേസില്‍ വിധിപ്രകാരമുള്ള തുക 1,18,104 രൂപ അടച്ച് കേസ് അവസാനിപ്പിച്ചു.അന്തിക്കാട് തണ്ടിയേക്കല്‍ വീട്ടില്‍ ടി ആര്‍ പുഷ്പാംഗദന്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ചാഴൂര്‍ കൃഷിഭവനിലെ കൃഷി ഓഫീസര്‍, തൃശുര്‍ ചെമ്പൂക്കാവിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എതിര്‍കക്ഷികള്‍ക്കെതിരെയുള്ള ശിക്ഷാനടപടികള്‍ വിധിത്തുക അടച്ച സാഹചര്യത്തില്‍ കോടതി അവസാനിപ്പിച്ചത്.
കൃഷി ചെയ്ത നെല്ലെല്ലാം പതിരായതിനെത്തുടര്‍ന്ന് ഇന്‍ഷുറന്‍സ് തുക ലഭിക്കാതിരുന്നതിനെ ചോദ്യം ചെയ്താണ് പുഷ്പാംഗദന്‍ ഉപഭോക്തൃകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. ഹര്‍ജി പരിഗണിച്ച് വിള ഇന്‍ഷുറന്‍സ് തുക 1,00,000 രൂപയും നഷ്ടപരിഹാരമായി 5000 രൂപയും ചെലവിലേക്ക് 3000 രൂപയും ഒരു മാസത്തിനുള്ളില്‍ നല്കുവാന്‍ വിധിയായിരുന്നു. എന്നാല്‍ വിധി എതിര്‍കക്ഷികള്‍ പാലിക്കുകയുണ്ടായില്ല. തുടര്‍ന്ന് വിധി പാലിക്കാതിരുന്നതിന് എതിര്‍കക്ഷികളെ ശിക്ഷിക്കുവാന്‍ ആവശ്യപ്പെട്ട് ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിധി പാലിക്കാതിരുന്നതിന് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും വിധിക്കുവാന്‍ ഉപഭോക്തൃ കോടതിക്ക് അധികാരമുണ്ട്. തുടര്‍ന്ന് ഗവ. പ്ലീഡര്‍ മുഖേനെ അപേക്ഷ നല്കി 1,18,104രൂപ അടച്ചതിനെത്തുടര്‍ന്ന് പ്രസിഡന്റ് സി ടി സാബു, മെമ്പര്‍മാരായ ശ്രീജ എസ്, ആര്‍ റാം മോഹന്‍ എന്നിവരടങ്ങിയ തൃശൂര്‍ ഉപഭോക്തൃ കോടതി എതിര്‍കക്ഷിക്ക് എതിരെയുള്ള നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു. ഹര്‍ജിക്കാരന് വേണ്ടി അഡ്വ. എ ഡി ബെന്നിയാണ് ഹാജരായത്.