പറയുന്നത് പോലെ മാത്രമേ മുടി കെട്ടാവൂ, ഭംഗിയില്‍ ഒരുങ്ങി നടക്കരുത്, അനുവാദമില്ലാതെ ആരെയും ഫോണ്‍ ചെയ്യാന്‍ പാടില്ല..! അവള്‍ ജീവിച്ചു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ, ബിരുദാനന്തര ബിരുദധാരിയായ ഒരു പെണ്‍കുട്ടി; മാനസക്കും നിതിനയ്ക്കും പിന്നാലെ തിക്കോടിയിലെ കൃഷ്ണപ്രിയയും പ്രണയപ്പകയില്‍ എരിഞ്ഞുതീരുമ്പോള്‍

കൃഷ്ണപ്രിയയുടെ പാതി കത്തിയ ബാഗില്‍ ഉച്ചയ്ക്ക് കഴിക്കാനുള്ള ചോറും കറിയും മാത്രമാണുണ്ടായിരുന്നത്. പക്ഷേ, ബിരുദാനന്തര ബിരുദധാരിയായ ആ 22 വയസുകാരി പെണ്‍കുട്ടിയുടെ മനസില്‍ എത്രയോ സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നിരിക്കാം. നല്ല ജോലി, വരുമാനം, തന്റെ ഉത്തരവാദിത്വങ്ങളെ കുറിച്ചുള്ള ബോധ്യങ്ങള്‍, ജീവിതത്തെ കുറിച്ച് അവള്‍ നെയ്തുകൂട്ടിയ പ്രതീക്ഷകള്‍…എല്ലാം കത്തിച്ചാമ്പലാകാന്‍ മണിക്കൂറുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ, സുഹൃത്തിന്റെ കത്തിക്കും പെട്രോളിനും ഇരയായി ഒരു ജീവന്‍ കൂടി പൊലിഞ്ഞു. പെണ്‍കുട്ടിയുടെ പരിചയക്കാരനായ നന്ദു എന്ന 30കാരനാണ് പ്രതി. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച നന്ദുവും മരിച്ചു. പ്രണയത്തില്‍ നിന്ന് പിന്മാറുകയോ നിരസിക്കുകയോ ചെയ്യുന്ന പെണ്‍കുട്ടികളെ കൊലപ്പെടുത്തുന്നതും അക്രമിക്കുന്നതും നിസാരവല്‍ക്കരിക്കപ്പെടുകയാണോ എന്ന ചോദ്യവും ഇത്തരം ആവര്‍ത്തനങ്ങളില്‍ ബാക്കിയാകുന്നുണ്ട. മാനസയും നിതിനയും കൊല്ലപ്പെട്ടിട്ട് മാസങ്ങള്‍ പോലും പിന്നിട്ടിട്ടില്ല എന്ന യാഥാര്‍ഥ്യം ഭയപ്പെടുത്തുന്നുണ്ട്, പെണ്‍കുട്ടികളെയും അവരുടെ പ്രിയപ്പെട്ടവരെയും..! ബിരുദാനന്തര ബിരുദ യോഗ്യതയുള്ള കൃഷ്ണപ്രിയ പഞ്ചായത്തില്‍ താല്‍ക്കാലികമായി ലഭിച്ച ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ജോലിക്ക് ഈയടുത്താണ് പോയി തുടങ്ങിയത്. കൃഷ്ണപ്രിയയുടെ അമ്മ പൊതുപ്രവര്‍ത്തകയാണ്. കുറച്ചുകാലമായി കൃഷ്ണപ്രിയയും നന്ദുവും സുഹൃത്തുക്കളാണ്. അടുപ്പം കൂടിയപ്പോള്‍ ഇയാള്‍ കൃഷ്ണപ്രിയയുടെ വ്യക്തിപരമായ കാര്യങ്ങളില്‍ പോലും ഇടപെടാന്‍ തുടങ്ങി.

Advertisements

മുടി കെട്ടുന്നത് തനിക്ക് ഇഷ്ടമുള്ളത് പോലെ വേണം, ഭംഗിയില്‍ ഒരുങ്ങി നടക്കരുത്, താന്റെ അനുവാദം ഇല്ലാതെ ആരെയും ഫോണ്‍ ചെയ്യാന്‍ പാടില്ല. ആദ്യമൊക്കെ പൊസസീവ്‌നെസ് എന്ന് ചെല്ലപ്പേരിട്ട് വിളിക്കുന്ന ഇത്തരം നിയന്ത്രണങ്ങള്‍ തുടര്‍ന്നപ്പോള്‍ കൃഷ്ണപ്രിയ എതിര്‍ത്തു. എതിര്‍പ്പുകളില്‍ അസ്വസ്ഥനായ നന്ദു ആക്രമാസക്തനായി പെണ്‍കുട്ടിയെ തെറിവിളിക്കാനും മാനസികമായി ഉപദ്രവിക്കാനും തുടങ്ങി. രണ്ട് ദിവസം മുന്‍പ് ജോലിക്ക് പോവുന്നതിനിടെ കൃഷ്ണയുടെ ഫോണ്‍ ബലമായി പിടിച്ചു വാങ്ങി താന്‍ കൃഷ്ണയെ കല്യാണം കഴിക്കുമെന്ന് വോയ്സ് മെസേജയച്ചു. പിന്നീട് ഫോണ്‍ തിരിച്ചേല്‍പ്പിക്കാനെന്ന പേരില്‍ നന്ദുവും ഒരു സുഹൃത്തും കൃഷ്ണയുടെ വീട്ടിലെത്തി. മകളെ കല്യാണം കഴിച്ച് തരണമെന്ന് അച്ഛനോടാവശ്യപ്പെട്ടു. മകള്‍ക്ക് കല്യാണ പ്രായമായിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ കല്യാണം കഴിച്ച് തന്നില്ലെങ്കില്‍ അവളെ കൊന്നുകളയുമെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പെയിന്റിംഗ് തൊഴിലാളിയായ കൃഷ്ണപ്രിയയുടെ അച്ഛന് ഹൃദ്രോഗിയായതിന് ശേഷം പണിക്ക് പോകാനാകുമായിരുന്നില്ല. കുടുംബത്തിന് താങ്ങാകാനാണ് പഞ്ചായത്തില്‍ ഡാറ്റ എന്‍ട്രി ജോലിക്കാരിയായത്. ഒരാഴ്ച മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. ഒരു ദിവസം നന്ദുവിനെ പേടിച്ച് ജോലിക്ക പോയതുമില്ല. ഒടുവില്‍ ജോലിക്ക് പോയ അന്ന് പഞ്ചായത്ത് ഓഫീസിന്റെ ഗെയിറ്റിന് മുന്നില്‍ കാത്തിരുന്ന നന്ദു കൃഷ്ണയെ കുത്തി വീഴ്ത്തി പെട്രോളൊഴിച്ച് തീ കൊളുത്തി.

മാനക്കേട് ഭയന്നാണ് കൃഷ്ണപ്രിയയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കാതിരുന്നത്. മകളുടെ ജീവഭയത്തിനും മേലെയല്ല ഒരു മാനക്കേടും. പറക്കമുറ്റും മുന്‍പേ അപക്വമായ പ്രണയത്തിന്റെ പേരില്‍ വീട് വിട്ട് ഇറങ്ങിയവളായിരുന്നില്ല കൃഷ്ണപ്രിയ. പഠിച്ച് ജോലി നേടി, ജീവിച്ചു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. പ്രണയം ശ്വാസം മുട്ടിച്ചു തുടങ്ങിയപ്പോഴാവാം പിന്മാറിയത്, അതില്‍ എന്ത് തെറ്റാണുള്ളത്? മറ്റുള്ളവര്‍ക്ക് വേണ്ടി സംസാരിക്കുന്ന പൊതുപ്രവര്‍ത്തകയുടെ മകളായിരുന്നു, പക്ഷേ, അവള്‍ക്ക് വേണ്ടി ആരും സംസാരിച്ചില്ല, പരാതിപ്പെട്ടില്ല, ഭയം കാരണം വീട്ടില്‍ നിന്ന് പുറത്തിറങ്ങാതിരുന്നപ്പോള്‍, കൂടെ നില്‍ക്കണമായിരുന്നു.. പേടി മാറും വരെ ഒപ്പം നടക്കണമായിരുന്നു..! ഇത്രയൊക്കെ സംഭവിച്ചാലും ബാക്കിയാവുന്ന ചില ചോദ്യങ്ങളുണ്ട്, ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് അഴുകി തുടങ്ങിയ ചോദ്യങ്ങള്‍..

ഇതൊക്കെ ഈ നാട്ടില്‍ തന്നെയാണോ നടക്കുന്നത്? അതെ..


ഇതൊക്കെ ഒറ്റപ്പെട്ട സംഭവമല്ലേ? അല്ല, ആവര്‍ത്തിക്കപ്പെടുന്ന സംഭവങ്ങളാണ്..


അവനും മരിച്ചില്ലേ, ഇനി ഇതേക്കുറിച്ച് സംസാരിച്ചിട്ടെന്തിനാ? സംസാരിക്കണം, ഈ നാട്ടില്‍ വേറെയുമുണ്ട് പ്രണയിക്കുന്ന, പ്രണയത്തില്‍ നിന്ന് പിന്മാറുന്ന, പ്രണയം നിരസിക്കുന്ന പെണ്‍കുട്ടികളും ആണ്‍കുട്ടികളും..


അവന്റെ സ്‌നേഹം അത്രയ്ക്ക് ഭ്രാന്തമായിരുന്നു, അതല്ലേ നിരസിച്ചപ്പോള്‍ ഇത്രയും വേദനിച്ചത്? അല്ല, ആ പെണ്‍കുട്ടിയോട് ആത്മാര്‍ത്ഥ സ്‌നേഹം ഉണ്ടായിരുന്നെങ്കില്‍ അവള്‍ ഇപ്പോഴും ജീവിച്ചിരുന്നേനേ..!

Hot Topics

Related Articles