കെഎസ്ആർടിസി ബസ്റ്റാൻഡുകളിലെ ശൗചാലയങ്ങളിലെ വൃത്തിഹീനമായ സാഹചര്യത്തെയും ശരിയായ പരിപാലനം ഇല്ലായ്മയെയും കുറിച്ച് ബഹു.ഗതാഗത വകുപ്പ് മന്ത്രി നിർദ്ദേശം നൽകിയിരുന്നു. ചെയർമാൻ & മാനേജിംഗ് ഡയറക്ടർ കെഎസ്ആർടിസിയു ടെ ചില ഡിപ്പോകൾ സന്ദർശിക്കുകയും ഇവിടങ്ങളിലെ ശൗചാലയങ്ങളിൽ മാനദണ്ഡം അനുസരിച്ചുള്ള ശുചീകരണ പ്രവർത്തനങ്ങളോ പരിപാലനമോ നടക്കുന്നില്ല എന്നുള്ളത്
ബോധ്യപ്പെടുകയുമുണ്ടായി. കെഎസ്ആർടിസിയുടെ കോട്ടയം, തിരുവല്ല യൂണിറ്റുകളിലെ ശൗചാലയം നടത്തിപ്പിനുളള കരാർ ഉടമ്പടിയിലെ ശുചീകരണ പ്രവർത്തനങ്ങളിലെ പല വ്യവസ്ഥകളും പാലിക്കുന്നില്ല എന്നതാണ് ബോധ്യപ്പെടുന്നത്. ഈ വിഷയത്തിൽ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കുന്നതിന് ചെയർമാൻ & മാനേജിംഗ് ഡയറക്ടർ നിർദ്ദേശം നൽകി.
യാത്രക്കാരെ നേരിട്ട് ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ കുറച്ചുകൂടി ഗൗരവകരമായ സമീപനം കൈക്കൊള്ളണമെന്നും കേരളത്തിലെ എല്ലാ യൂണിറ്റുകളിലും ഇത്തരത്തിലുള്ള മിന്നൽ പരിശോധനകൾ കർശനമാക്കണമെന്നും സി എം ഡി നിർദ്ദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കെഎസ്ആർടിസി ബസ്റ്റാൻഡുകളിൽ വൃത്തിയും ശുദ്ധിയും ഉള്ള സാഹചര്യം നിലനിർത്തുന്നത് പരിശോധിച്ച് വിലയിരുത്തുന്നതിനായി യൂണിറ്റുകൾ കേന്ദ്രീകരിച്ച് ഹൗസ് കീപ്പിംഗ് കമ്മിറ്റികൾ രൂപീകരിച്ച് റിപ്പോർട്ട് നൽകുവാനും ഉള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. കരാർ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്.