കോട്ടയം: ബസേലിയസ് കോളേജിലെ രണ്ട് കെ.എസ്.യു പ്രവർത്തകർക്ക് നഗരമധ്യത്തിൽ മർദനമേറ്റു. രണ്ടു ദിവസങ്ങളിലായുണ്ടായ സംഘർഷത്തിലാണ് രണ്ടു പേർക്ക് പരിക്കേറ്റത്. പരിക്കേറ്റ രണ്ടു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദനത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു നേതൃത്വത്തിൽ കുടയംപടിയിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ നേരിയ സംഘർഷം. പ്രദേശത്ത് തടിച്ച് കൂടിയ ഡിവൈ.എഫ്.ഐ പ്രവർത്തകരുമായുണ്ടായ വാക്ക് തർക്കമാണ് സംഘർഷാവസ്ഥയിൽ കലാശിച്ചത്.
കോട്ടയം ബസേലിയസ് കോളേജിലെ കെ.എസ്.യു പ്രവർത്തകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
കെ.എസ് യു പ്രവർത്തകരായ മിഥുൻ കുമാർ എൻ കെ , മാഹിൻ നവസ് എന്നിവർക്കാണ് പരിക്കേറ്റത്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബസേലിയസ് കോളേജിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് രണ്ടു പേർക്കും മർദനമേറ്റത്. മിഥുനെ നഗരമധ്യത്തിൽ വച്ചും, മാഹിനെ ചുങ്കത്തു വച്ചുമാണ് മർദിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോളേജ് യൂണിയൻ ഇലക്ഷനിൽ കെ എസ് യുവിന് ഉണ്ടായ മുന്നേറ്റത്തിൽ പ്രകോപിതനായ എസ്.എഫ്.ഐ പ്രവർത്തകർ അക്രമം അഴിച്ചു വിടുകയാണ് ഉണ്ടായതെന്ന് കെ.എസ്.യു ജില്ലാ കമ്മിറ്റി ആരോപിച്ചു. എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി അശ്വിന്റെ നേതൃത്വത്തിൽ എസ്എഫ്‌ഐ പ്രവർത്തകർ സംഘങ്ങളായി തിരിഞ്ഞു വിവിധയിടങ്ങളിലായി കെ.എസ്.യു പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിന്റെ തുടർച്ചയായാണ് എസ്.എഫ്.ഐ അക്രമം അഴിച്ചു വിടുന്നതെന്നു കെ.എസ്.യു ആരോപിച്ചു.